ആലുവ: നടി കവിയൂർ പൊന്നമ്മയ്ക്ക് വിട നൽകി കേരളം. കവിയൂർ പൊന്നമ്മയുടെ ഭൗതിക ശരീരം ആലുവയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഒരു മാസത്തിലേറയായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമായിരുന്ന അന്ത്യം. രാവിലെ 9 മണി മുതൽ 12 വരെ കളമശ്ശേരി ടൗൺ ഹാളിലെ പൊതുദർശനത്തിന് ശേഷം വൈകീട്ട് നാല് മണിക്ക് തന്നെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചിരുന്നു. ചലച്ചിത്ര, സാസ്കാരിക രംഗത്തെ നിരവധി പേരാണ് അന്തിമോപചാരം അർപ്പിക്കാനായി എത്തിയത്. സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികൾ നൽകിയായിരുന്നു യാത്ര അയപ്പ്.
പത്തനംതിട്ടയിലെ കവിയൂരിൽ 1945 ൽ ആണ് ജനനം. ടി പി ദാമോദരൻ, ഗൗരി എന്നിവരുടെ ഏഴ് മക്കളിൽ മൂത്ത ആളായിരുന്നു. അന്തരിച്ച നടി കവീയൂർ രേണുക ഇളയ സഹോദരിയാണ്. അമ്മ വേഷങ്ങളിലൂടെയാണ് കവിയൂർ പൊന്നമ്മ ആരാധകരുടെ മനസ്സിൽ സ്ഥാനം നേടിയത്. ഇരുപതാമത്തെ വയസ്സിൽ തന്നെ സത്യന്റെയും മധുവിന്റെയും അമ്മയായി അഭിനയിച്ചു. നാന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ശ്രീരാമ പട്ടാഭിഷേകം ആണ് കവിയൂർ പൊന്നമ്മയുടെ ആദ്യ സിനിമ. നാല് തവണം മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. മൂന്ന് മണിക്കൂറോളം നീണ്ട പൊതുദർശനത്തിന് ശേഷം ആണ് മൃതദേഹം ആലുവിലെ വീട്ടിലേക്ക് കൊണ്ടുപോയത്. ഇളയ സഹോദരനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
Post a Comment