അങ്കോള > ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനായി തിരച്ചിൽ തുടരുന്നു. അർജുൻ ഓടിച്ച ട്രക്കിനെ കുറിച്ചു മാത്രം ഇനിയും സൂചനയില്ല. ട്രക്കിനൊപ്പം പുഴയിൽ വീണ ടാങ്കർ ലോറിയുടെ ടയർ കൂടി തിങ്കളാഴ്ചത്തെ പരിശോധനയിൽ കിട്ടി. ഉച്ചയ്ക്ക് കിട്ടിയ വാഹനഭാഗം അർജുൻ ഓടിച്ച ട്രക്കിന്റേതല്ലെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു.
നാവിക സേന മാർക്ക് ചെയ്ത എല്ലാ ഭാഗത്തും മൂന്നു ദിവസമായി തിരച്ചിൽ നടത്തി. ഇതുവരെ കിട്ടിയ വാഹന ഭാഗങ്ങളും തുണി, ബാക്ക് ബാഗ്, കയർ, എച്ച്ടി വൈദ്യുതി ലൈൻ ഭാഗങ്ങൾ എന്നിവ ഡ്രഡ്ജറിൽ സൂക്ഷിച്ചത് അർജുന്റെ കുടുംബാംഗങ്ങളെ കാണിച്ചു. ഇതൊന്നും അർജുന്റേതല്ലെന്ന് കുടുംബവും സ്ഥിരീകരിച്ചു. ബോട്ടിൽ കയറ്റിയാണ് ഡ്രഡ്ജറിലേക്ക് കുടുംബത്തെ എത്തിച്ചത്. ജില്ലാ അധികൃതരും എംഎൽഎയും ഒപ്പമുണ്ടായി.
മേഖലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തിരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു. റിട്ട. മേജർ ജനറൽ ഇന്ദ്ര ബാലനും തിങ്കളാഴ്ച സ്ഥലത്തെത്തി. നേരത്തെ ലോഹ ഭാഗം കണ്ടെത്തിയ സിപി 4 എന്ന സ്ഥലത്താകും ഇനിയുള്ള തിരച്ചിൽ.
Post a Comment