പേരാവൂർ : വീട്ടിൽ പ്രസവിച്ച അമ്മയേയും നവജാത ശിശുവിനെയും അർദ്ധരാത്രി വീട്ടിലെത്തി രക്ഷിച്ച പേരാവൂർ താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരെ അനുമോദിച്ചു. പൂളക്കുറ്റി അരുവിക്കര കോളനിയിലെ അനൂപിന്റെ ഭാര്യ നിമ്മിയേയും കുഞ്ഞിനെയും ആണ് അർദ്ധരാത്രി ജീവൻ പണയം വെച്ച് കാട്ടിലൂടെ അതിസാഹസികമായി എത്തി പേരാവൂർ താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ രക്ഷിച്ചത്.ഈ മാസം 12നായിരുന്നു സംഭവം.
ഗതാഗത സൗകര്യം പോലുമില്ലാത്ത പ്രദേശത്ത് നടന്നെത്തി ആരോഗ്യ പ്രവർത്തകർ പ്രാഥമിക ശുശ്രൂഷ നൽകി അമ്മയെയും കുഞ്ഞിനെയും ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ച് തുടർ ചികിൽസ നൽകുകയായിരുന്നു. യുവതിയെയും കുഞ്ഞിനെയും വീട്ടിലെത്തി രക്ഷിച്ച് മാതൃകയായ പേരാവൂർ താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ ആയ ഷംന അസീസ്, നഴ്സിംഗ് അസിസ്റ്റന്റ് ശ്രീജ കെ ആർ,ഡ്രൈവർ മനോജ് എന്നിവരെയാണ് ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അനുമോദിച്ചത്. നവജാത ശിശുവിനേയും അമ്മയെയും ചികിത്സിച്ച Dr. വിനോദ് എം എസ്,Dr. രേഷ്മ എന്നിവരെയും ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചു.
Post a Comment