കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ എല്ലാവരേയും നഷ്ടപ്പെട്ട ശ്രുതിയെ ചേര്‍ത്തുപിടിച്ച ജന്‍സന്റെ മരണം കേരളത്തിന് കണ്ണീര്‍നോവായി മാറുന്നു. ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്നും ശ്രുതി പതിയെ മോചിതയായി ജെന്‍സണുമായുള്ള ജീവിതത്തെക്കുറിച്ച് സ്വപ്‌നം കാണാന്‍ തുടങ്ങിയിരിക്കെയാണ് ജന്‍സണെയും വിധി തട്ടിയെടുത്തത്. വാഹനാപകടത്തില്‍ മരണമടഞ്ഞ ജെന്‍സന്റെ സംസ്‌ക്കാരം ഇന്ന് നടക്കും.
കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ യുവാവ് ഇന്നലെ രാത്രി 8.57 നാണ് മരിച്ചത്. ഇരുവരുടെയും വിവാഹ ഒരുക്കങ്ങളിലേക്ക് കടക്കാനിരിക്കെയാണ് അപകടം ജെന്‍സന്റെ ജീവനെടുത്തത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് രാവിലെ അമ്പലവയല്‍ ആണ്ടൂരില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് 3 മണിക്ക് ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം.
ശ്രുതിയുടെ ബന്ധുക്കള്‍ മരിച്ച് 41 ദിവസത്തിന് ശേഷം വിവാഹം നടത്താനുള്ള ഒരുക്കങ്ങളിലേക്ക് കുടുംബം കടന്നിരുന്നു. ഇതിനിടെ ബന്ധുക്കള്‍ക്കൊപ്പം കോഴിക്കോട് കൊടുവള്ളിയിലെ വീട്ടിലേക്ക് പോകുമ്പോഴാണ് ഇവര്‍ സഞ്ചരിച്ച കാര്‍ സ്വകാര്യബസില്‍ ഇടിച്ചത്. ഡ്രൈവിങ് സീറ്റിലായിരുന്ന ജെന്‍സന് തലയ്ക്ക് അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു. ആന്തരിക രക്തസ്രാവം അനിയന്ത്രിതമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കി വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം 9 ഉറ്റബന്ധുക്കളെ നഷ്ടപ്പെട്ട ശ്രുതിക്ക് അടച്ചുറപ്പുള്ള വീടാണ് ഇനി തന്റെ സ്വപ്നമെന്ന ജെന്‍സന്റെ വാക്കുകള്‍ ഇപ്പോള്‍ കേരളത്തിനാകെ സങ്കടമായി മാറുകയാണ്. കാലില്‍ പരിക്കേറ്റ ശ്രുതി ചികിത്സയിലാണ്.
Post a Comment