ന്യൂഡൽഹി: സർക്കാർ ആശുപത്രികളിൽ വനിതാ ഡോക്്ടർമാരെ രാത്രി ഷിഫ്റ്റിൽനിന്ന് ഒഴിവാക്കണമെന്നുള്ള ബംഗാൾ സർക്കാരിന്റെ ഉത്തരവിനെതിരേ കടുത്ത വിമർശനവുമായി സുപ്രീംകോടതി.
സ്ത്രീകൾക്ക് നിയന്ത്രണമേർപ്പെടുത്തുകയല്ല അവർക്ക് സംരക്ഷണം നൽകുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ആർജി കർ മെഡിക്കൽ കോളജിലെ പിജി ഡോക്്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ വെളിച്ചത്തിലാണ് സർക്കാർ ആശുപത്രികൾക്ക് പുതിയ നിർദേശമിറക്കി സർക്കാർ ഉത്തരവിട്ടത്. എന്നാൽ സ്ത്രീകൾക്ക് ഇളവ് ആവശ്യമില്ലെന്നും അവർ രാത്രിയിലും ജോലി ചെയ്യാൻ തയാറാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് സീനിയർ കൗണ്‍സിൽ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിനെ രാഷ്ട്രീയവത്കരിക്കരുതെന്ന് ചീഫ് ജസ്റ്റീസ് ഹർജി തള്ളിക്കൊണ്ടു പറഞ്ഞു.
ഇത്തരം ഹർജികൾക്കുള്ള വേദിയല്ല ഇതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും പറഞ്ഞു. പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് വിക്കിപീഡിയ പേജിൽനിന്ന് നീക്കം ചെയ്യാനും സുപ്രീംകോടതി ഉത്തരവിട്ടു.
കോടതി ഉത്തരവുകളെയും മമത സർക്കാരിന്റെ സമീപകാല ഇടപെടലുകളും മാനിച്ചു ബംഗാളിൽ സമരം ചെയ്തിരുന്ന ജൂനിയർ ഡോക്്ടർമാർ തിരികെ ജോലിയിൽ കയറാൻ സന്നദ്ധരാണെന്ന് കോടതിയിൽ അറിയിച്ചു. എന്നാൽ എന്ന് തിരികെ ജോലിയിൽ പ്രവേശിപ്പിക്കുമെന്ന് അറിയിച്ചിട്ടില്ല.
കോൽക്കത്ത പോലീസ് കമ്മീഷണർ അടക്കമുള്ള ആറ് ഉന്നത ഉദ്യോഗസ്ഥരെ നീക്കണമെന്നതുൾപ്പെടെയുള്ള സമരക്കാരുടെ നിർദേശങ്ങൾ മമത അംഗീകരിച്ചതിനെ തുടർന്നാണ് സമരക്കാരുടെ പിന്മാറ്റം. സമരം ചെയ്ത ഡോക്്ടർമാർക്കെതിരേ നടപടിയെടുക്കില്ലെന്ന് ബംഗാൾ സർക്കാർ സുപ്രീംകോടതിയിൽ ഉറപ്പ് നൽകിയിട്ടുണ്ട്.
അതേസമയം ആർജി കർ മെഡിക്കൽ കോളജിലെ കൊലപാതകത്തിൽ സിബിഐ സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ട് സുപ്രീംകോടതി നിരീക്ഷിച്ചു. റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ അസ്വ സ്ഥ്യജനകമാണെന്ന് കോടതി പറഞ്ഞു.
എങ്കിലും സിബിഐ നൽകിയ വിശദാംശങ്ങൾ അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ വെളിപ്പെടുത്താൻ കോടതി വിസമ്മതിച്ചു.
Post a Comment