കോഴിക്കോട്: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം പ്രഹസനമാണ്. നടക്കുന്നത് കള്ളക്കളിയാണ്. ജനരോഷം കാരണമാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഇപ്പോൾ നടക്കുന്നത് കള്ളനും പൊലീസും കളിയാണ്. അന്വേഷണത്തിൽ ഒന്നും സംഭവിക്കില്ല. എഡിജിപി -ആർഎസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രി പറഞ്ഞിട്ട് തന്നെയാണ്. തൃശ്ശൂരും തിരുവനന്തപുരവും ആയിരുന്നു ധാരണ. കരുവന്നൂർ കേസും അട്ടിമറിച്ചു. പൂരം കലക്കലിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് നിലപാടെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, തൃശൂർ പൂരം കലക്കലിൽ തുടരന്വേഷണം പ്രഖ്യാപിക്കുമെന്ന് സൂചന നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി. എഡിജിപിയുടെ റിപ്പോർട്ടിന്മേൽ ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ ശുപാർശ പരിഗണിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ വ്യക്തമാക്കി. പൂരം റിപ്പോർട്ടിന്മേലുള്ള തുടർനടപടി വേണമെന്ന് സിപിഐ മന്ത്രിമാരടക്കം കാബിനറ്റിൽ ആവശ്യപ്പെട്ടു.
പൂരം കലക്കലിൽ എഡിജിപി അജിത് കുമാറിൻ്റെ റിപ്പോർട്ടിന്മേൽ കുറ്റപത്രമെന്ന നിലക്കായിരുന്നു ഡിജിപിയുടെ കവറിംഗ് ലെറ്റർ. എഡിജിപിയെ പൂർണ്ണമായും സംശയനിഴലിൽ നിർത്തിയുള്ള ഡിജിപിയുടെ ശുപാർശയിലാണ് വീണ്ടും അന്വേഷണത്തിന് വഴിതുറക്കുന്നത്. സ്ഥലത്തുണ്ടായിട്ടും അജിത് കുമാർ എന്ത് ചെയ്തു, എന്ത് കൊണ്ട് റിപ്പോർട്ട് നൽകാൻ അഞ്ച് മാസമെടുത്തു എന്ന ചോദ്യമാണ് ഡിജിപി ഉന്നയിച്ചത്.
സിപിഐയും പ്രതിപക്ഷവും ഉയർത്തുന്ന സംശയങ്ങൾ പൊലീസ് മേധാവി കൂടി ഉന്നയിച്ചതോടെയാണ് പുതിയ അന്വേഷണം വേണമെന്ന സ്ഥിതിയിലേക്ക് സർക്കാറിനെയും എത്തിക്കുന്നത്. കാബിനറ്റിൽ സിപിഐ മന്ത്രിമാരടക്കം റിപ്പോർട്ടിലെ തുടർ നടപടി ചർച്ചയാക്കി. ആ സമയത്താണ് മുഖ്യമന്ത്രി ആഭ്യന്തരസെക്രട്ടരിയുടെ ശുപാർശ പരിഗണിച്ച് തുടർതീരുമാനമെന്ന് പറയുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തിനാണ് സാധ്യത. ഡിജിപി അജിത് കുമാറിനെ കുറ്റപ്പെടുത്തുമ്പോൾ അജിത് കുമാർ തിരുമ്പാടി ദേവസ്വത്തെ സംശയനിഴലിൽ ആക്കുന്നുണ്ട്. ദേവസ്വം പെട്ടെന്ന പൂരം നിർത്തിയതിൽ ദുരൂഹത പറയുന്നു. പ്രതിപക്ഷം ആവശ്യപ്പെടുന്നത് ജുഡീഷ്യൽ അന്വേഷണം.
പുതിയ അന്വേഷണം വരുമ്പോഴും അജിത് കുമാർ സ്ഥാനത്ത് തുടരുമോ എന്നാണ് അറിയേണ്ടത്. നിലവിൽ എഡിജിപി ഉൾപ്പെട്ട വിവാദങ്ങളിൽ ഉള്ളത് നാല് അന്വേഷണമാണ് നടക്കുന്നത്. അൻവറിൻ്റെ പരാതിയിലെ ഡിജിപി തല അന്വേഷണം, ആർഎസ്എസ് കൂടിക്കാഴ്ചയിൽ പുതിയ അന്വേഷണം, അനധികൃത സ്വത്ത് സമ്പാദനത്തിൽ വിജിലൻസ് അന്വേഷണം, പിന്നെ പൂരം കലക്കലിൽ വരുന്ന പുതിയ അന്വേഷണം. തൃശൂർ പൂരം അലങ്കോലമായതിൽ ബാഹ്യശക്തികളുടെ ഇടപെടലോ ഗൂഢാലോചനയോ ഇല്ലെന്നാണ് എഡിജിപി എം ആർ അജിത് കുമാറിന്റെ റിപ്പോർട്ട്. സംഭവിച്ചത് സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന് ഏകോപനത്തിൽ ഉണ്ടായ പാളിച്ച മാത്രമാണെന്നാണ് എഡിജിപി സമര്‍പ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ദേവസ്വങ്ങൾക്കെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്. അന്വേഷണ റിപ്പോർട്ട് എഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.
കോടതി വിധി പ്രകാരം ബന്തവസ് ശക്തമാക്കിയപ്പോഴാണ് പ്രശ്നം തുടങ്ങിയതെന്നും പ്രശ്നങ്ങള്‍ അനുനയിപ്പിക്കാനും അങ്കിത് അശോകിന് കഴിഞ്ഞില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പൂരം പൂര്‍ത്തിയാക്കാന്‍ ദേവസ്വങ്ങളും സമ്മതിച്ചില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പരാമര്‍ശമുണ്ട്. ചിത്രങ്ങളും ദൃശ്യങ്ങളും അടക്കം1600ലധികം പേജുള്ള റിപ്പോർട്ടാണ് എംആർ അജിത് കുമാർ സമർപ്പിച്ചിരിക്കുന്നത്.
Post a Comment