തിരുവനന്തപുരം: കേരളത്തിലെ പുരുഷന്മാരേപ്പറ്റി കേൾക്കാൻ ഒട്ടും സുഖകരമല്ലാത്ത കാര്യങ്ങളാണ് പുറത്തുവരുന്നത്. കേരളത്തിൽ നിന്ന് അടുത്തിടെ പുറത്തുവരുന്ന ആത്മഹത്യ കണക്കുകൾ നൽകുന്ന സൂചനകൾ വളരെ ഗുരുതരമാണ്. കേരളത്തിൽ ആത്മഹത്യ ചെയ്യുന്നവരിലധികവും പുരുഷന്മാരാണെന്നതാണ് വാസ്തവം. സ്വയം ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചവരിൽ 56% പേരും 45 വയസ്സിനു മുകളിലുള്ളവണ്. അവരിൽ 76.6% പേരും വിവാഹിതരായിരുന്നു. വിവാഹിതരായ പുരുഷൻമാർക്കിടയിലെ ആത്മഹത്യകളുടെ എണ്ണം കൂടുതലാണെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകൾ. സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകളാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്.
നാല്‍പത്തിയഞ്ച് പിന്നിട്ട പുരുഷന്‍മാര്‍ നേരിടുന്ന മാനസിക- ശാരീരിക ബുദ്ധിമുട്ടുകളുടെ പ്രതിഫലനം കൂടിയാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകളെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കുടുംബപ്രാരബ്ധങ്ങളും കുടുംബ പ്രശ്‌നങ്ങളും ഈ പ്രായത്തിനുള്ളില്‍ വരുന്നവരില്‍ ഏറെ സമ്മര്‍ദം ചെലുത്തുന്നുണ്ട്. സാമ്പത്തിക അസ്ഥിരതയാണ് പുരുഷന്മമാരിലെ ആത്മഹത്യയുടെ മറ്റൊരു പ്രധാന കാരണം. ജീവനൊടുക്കിയവരില്‍ 37.2 ശതമാനം ദിവസവേതനക്കാരും 19.9 ശതമാനം തൊഴില്‍രഹിതരുമായിരുന്നു.
സംസ്ഥാനത്തെ ആത്മഹത്യാ നിരക്ക് രാജ്യത്തെ ശരാശരിയേക്കാൾ വളരെ ഉയർന്നുനിൽക്കുന്നുവെന്നാണ് സർക്കാർ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. ദേശീയതലത്തിലെ കണക്കുകൾ പ്രകാരം 2022ൽ ലക്ഷത്തിൽ 13 ആണ് ആത്മഹത്യാ നിരക്ക്. കേരളത്തിൽ ഇത് 28.81 ആണെന്നത് സാഹചര്യത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു.
സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ആത്മഹത്യനിരക്കിലെ പുരുഷ-സ്ത്രീ അനുപാതം 80:20 എന്നനിലയിലാണ്. 2022 മുതൽ 2023 വരെയുള്ള സ്ഥിതിവിവരക്കണക്കുകൾ വിശകലനം ചെയ്യുമ്പോൾ ആത്മഹത്യകൾ ഏറ്റവും കൂടുതൽ 2023ലാണ്. 2022ൽ സംസ്ഥാനത്ത് 8,490 ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തത് എങ്കിൽ 2023ൽ ഇത് 10972 എന്ന നിലയിലേക്ക് ഉയർന്നു. ഈ കണക്കുകളിൽ 8811 പേർ പുരുഷൻമാരായിരുന്നു.
ജില്ലകൾ തിരിച്ചുള്ള കണക്കുകൾ പരിശോധിച്ചാൾ 2021ന് ശേഷം ഏറ്റവും കൂടുതൽ ആത്മഹത്യകൾ സ്ഥിരമായി രേഖപ്പെടുത്തിയിട്ടുള്ളത് തിരുവനന്തപുരത്താണ്. വയനാടും കാസർഗോഡുമാണ് ഏറ്റവും കുറവ് ആത്മഹത്യകൾ രേഖപ്പെടുത്തിയത്. എന്നാല്‍ ജനസംഖ്യ പ്രകാരം ഒരു ലക്ഷം പേരില്‍ എത്രയെന്ന നിലയില്‍ ആത്മഹത്യകളുടെ കണക്കെടുത്താല്‍ വയനാട് നാലാംസ്ഥാനത്തുണ്ട്. ഈ കണക്ക് പ്രകാരം മലപ്പുറമാണ് ഏറ്റവും പിന്നില്‍...
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
Post a Comment