ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പിവി അൻവര്‍ നടത്തിയ ഗുരുതര ആരോപണങ്ങള്‍ തള്ളി സിപിഎം. പാര്‍ട്ടി ശത്രുവായി അൻവര്‍ മാറരുതെന്നും ആവശ്യമായ നിലപാട് പാര്‍ട്ടി സ്വീകരിക്കുമെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലെ കാര്യങ്ങള്‍ വിശദമായി നോക്കിയശേഷം നാളെ പ്രതികരിക്കും. പാർട്ടി -സർക്കാർ വിരുദ്ധ നിലപാട് അൻവർ സ്വീകരിക്കരുത്.
പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് അൻവര്‍ ഉന്നയിച്ചത്. ഇക്കാര്യത്തിൽ ആവശ്യമായ നിലപാട് പാർട്ടി സ്വീകരിക്കും. ഇടത് പക്ഷ നിലപാടിൽ നിന്നും മാറുന്ന നിലപാട് ആണ് അൻവറിന്‍റേത്. അൻവറിന്റെ ആരോപണത്തിൽ ഒരു ഗുരുതരവും ഇല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പാര്‍ട്ടി ശത്രുക്കളുടെ നിലപാടിലേക്ക് അൻവറിന്‍റെ പ്രതികരണം മാറുകയാണ്. അങ്ങനെ മാറരുത് എന്ന് ഇന്നലെ തന്നെ പറഞ്ഞതാണ്. ഇന്നത്തെ അൻവറിന്‍റെ പ്രതികരണം എൽഡിഎഫ് നിലപാടുകളിൽ നിന്ന് മാറുന്ന തരത്തിലുള്ളതാണ്. അൻവറിന്‍റെ വാർത്ത സമ്മേളനം പരിശോധിച്ച് ആവശ്യമായ നിലപാട് പാർട്ടി സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.
അതേസമയം, അൻവറിനെതിരെ നിലപാട് കടുപ്പിക്കുകയാണ് എൽഡിഎഫ്. മുന്നണി സംവിധാനത്തിൽ തുടരാൻ അൻവറിനോ അൻവറുമായി യോജിച്ച് പോകാൻ എൽഡിഎഫിനോ കഴിയാത്ത സാഹചര്യമാണ് നിലവിൽ. പാർലമെൻററി പാർട്ടി യോഗത്തിൽ നിന്ന് അൻവറിനെ ഉടൻ മാറ്റിനിർത്തും. മിണ്ടിപ്പോകരുതെന്ന മുഖ്യമന്ത്രിയുടേയും സിപിഎം സംസ്ഥാന നേതൃത്വത്തിന്റെയും വിലക്ക് ലംഘിച്ചാണ് പിവി അൻവർ ആഞ്ഞടിച്ചത്. അതും പ്രതിപക്ഷം പോലും പറയാൻ മടിക്കുന്ന തരത്തിൽ പിണറായിക്കെതിരെ രണ്ടും കൽപ്പിച്ച്. ആഭ്യന്തര മന്ത്രി സ്ഥാനത്തിരിക്കാൻ മുഖ്യമന്ത്രി യോഗ്യനല്ലെന്ന് കൂടി തുറന്നടിച്ചതോടെ അൻവറും സിപിഎമ്മും തമ്മിലെ ബന്ധം മുറിഞ്ഞു.
മുന്നണി അച്ചടക്കത്തിന്റെ പരിധിയെല്ലാം ലംഘിച്ച പിവി അൻവറിനെതിരെ സിപിഎം നിലപാട് കൂടുതൽ കടുപ്പിക്കും. ഇടതു സ്വതന്ത്രനെന്ന പരിഗണനയോ പരിവേഷമോ ഇനി പിവി അൻവറിനുണ്ടാകില്ല. നിയമസഭാ സമ്മേളനം നാലിന് തുടങ്ങാനിരിക്കെ ർലമിന്ററി പാർട്ടിയിലും അൻവറുന്റെ സാന്നിധ്യം ഉണ്ടാകില്ല. സ്വതന്ത്ര എംഎൽഎ ആയതിനാൽ സാങ്കേതിക നടപടികൾക്ക് സിപിഎമ്മിന് പരിമിതിയുണ്ട്. പാർലമെൻറി യോഗത്തിൽ നിന്ന് മാറ്റിനിർത്തും. പാർട്ടി സംവിധാനം അടിമുടി ഇറങ്ങി അൻവറിനെ പ്രതിരോധിക്കും.
മുഖ്യമന്ത്രി, പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, മന്ത്രി മുഹമ്മദ് റിയാസ് എന്നിവരെ നേരിട്ട് ലക്ഷ്യം വച്ച പിവി അൻവർ സിപിഎം രാഷ്ട്രീയത്തിലും വരും ദുവസങ്ങളിൽ ചലനങ്ങൾ ഉണ്ടാക്കും. പ്രത്യേകിച്ച് പാർട്ടി സമ്മേളന കാലത്ത് വലിയ ചേരി തിരിവിന് ഇടയാക്കും. എംഎൽഎ സ്ഥാനം രാജിവെക്കാതെ രണ്ടും കല്പിച്ചുള്ള പോരിനാണ് അൻവറിൻ്റെ നീക്കം. എല്ലാ അതൃപ്തികൾക്കും അപ്പുറത്ത് പാർട്ടിക്കും സർക്കാരിനും തീരാ തലവേദനയാകും ഇനി പിവി അൻവർ. മുഖ്യമന്ത്രിയുടെയും സിപിഐ സൈബർ പോരാളികളുടെയും എക്കാലത്തെയും പ്രിയങ്കരനായിരുന്ന അൻവർ ഒറ്റയടിക്ക് പ്രധാനശത്രുവായി. ഇനി വരുന്നത് വലിയ പോരാട്ടങ്ങളായിരിക്കും.
Post a Comment