Join News @ Iritty Whats App Group

ടാർഗറ്റ് തികയ്ക്കാൻ കഴിയുന്നില്ല; ഉറങ്ങിയിട്ട് 45 ദിവസമായി; ജോലി സമ്മർദം സഹിക്കാനാവാതെ യുവാവ് ജീവനൊടുക്കി

ബജാജ് ഫിനാൻസിൽ ഏരിയ മാനേജറായി ജോലി ചെയ്യുന്ന തരുൺ സക്സേനയെ (42) യാണ് പുലർച്ചെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


ഉത്തർപ്രദേശിലെ ജാൻസിയിൽ തൊഴിൽ സമ്മർദം മൂലം യുവാവ് ജീവനൊടുക്കി. ബജാജ് ഫിനാൻസിൽ ഏരിയ മാനേജറായി ജോലി ചെയ്യുന്ന തരുൺ സക്സേനയെ (42) യാണ് പുലർച്ചെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തരുൺ ജോലിയിലെയും മാനേജർമാരിൽ നിന്നുമുള്ള കടുത്ത മാനസിക സമ്മർദം വ്യക്തമാക്കുന്ന അഞ്ച് പേജുള്ള കത്ത് എഴുതി വെച്ച ശേഷമാണ് ജീവനൊടുക്കിയത്. 45 ദിവസമായി ഉറങ്ങിയിട്ടില്ലെന്നും ടാർഗറ്റ് തികയ്ക്കാൻ മാനേജർമാർ കടുത്ത സമ്മർദം ഉണ്ടാക്കുന്നുവെന്നും ശമ്പളം കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുറിപ്പിൽ ആരോപിക്കുന്നു.

ഭാര്യയെയും രണ്ട് മക്കളെയും മറ്റൊരു മുറിയിലിട്ട് പൂട്ടിയ ശേഷമായിരുന്നു ആത്മഹത്യ. രാവിലെ വീട്ടിൽ ജോലിക്കെത്തിയ ആളാണ് തരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയത് മാതാപിതാക്കൾക്ക് പുറമെ ഭാര്യ മേഘയും മക്കളായ യാഥാർത്ഥ്, പിഹു എന്നിവരും വീട്ടിലുണ്ടായിരുന്നു. ഭാര്യയെ അഭിസംബോധന ചെയ്താണ് തരുൺ 5 പേജുള്ള കത്തെഴുതിയിരിക്കുന്നത്. കടുത്ത സമ്മർദം അനുഭവിച്ചിട്ടും ടാർഗറ്റ് പൂർത്തീകരിക്കാനാവുന്നില്ലെന്ന് കത്തിൽ പറയുന്നു.

ജോലി പോകുമെന്ന പേടിയുണ്ട്. മാനേജർമാർ തുടർച്ചയായി അപമാനിക്കുന്നു. ഭാവിയെക്കുറിച്ച് ആശങ്കയുണ്ട്. ചിന്തിക്കാൻ പോലുമുള്ള കഴിവ് നഷ്ടപ്പെട്ടുകഴിഞ്ഞുവെന്നും തരുൺ കത്തില്‍ വിശദമാക്കുന്നു.

തനിക്കും ഒപ്പം ജോലി ചെയ്യുന്നവർക്കും ഇഎംഐ തുക ശേഖരിക്കാൻ പലപ്പോഴും സാധിക്കാറില്ലെന്നും സ്ഥാപനത്തിലെ ഉയർന്ന ഉദ്യോഗസ്ഥരോട് പലതവണ ഇത് പറഞ്ഞിട്ടും അവരാരും കേൾക്കാൻ തയ്യാറായില്ലെന്നും കത്തിലുണ്ട്. ഉറങ്ങിയിട്ട് 45 ദിവസമായി. കാര്യമായി ഭക്ഷണം കഴിക്കുന്നില്ല. വലിയ സമ്മർദത്തിലാണ്. എന്ത് വിലകൊടുത്തും ടാർഗറ്റ് തികയ്ക്കുകയോ അല്ലെങ്കിൽ ജോലി ഉപേക്ഷിച്ച് പോവുകയോ ചെയ്യണമെന്ന നിലപാടിലാണ് മാനേജർമാർ.

വർഷാവസാനം വരെ കുട്ടികളുടെ സ്കൂൾ ഫീസ് അടച്ചിട്ടുണ്ടെന്നും കുടുംബാംഗങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും കത്തിലുണ്ട്. ഭാര്യയെയും മക്കളെയും സംരക്ഷിക്കണമെന്ന് മാതാപിതാക്കളോടും, നന്നായി പഠിച്ച് അമ്മയെ സംരക്ഷിക്കണമെന്ന് മക്കളോടും അദ്ദേഹം ആവശ്യപ്പെട്ടുന്നു. ഇൻഷുറൻസ് തുക ലഭിക്കുന്നുവെന്ന് ബന്ധുക്കൾ ഉറപ്പാക്കണമെന്നും തന്നെ ദ്രോഹിച്ച മാനേജർമാർക്കെതിരെ പോലീസിൽ പരാതി നൽകണമെന്നും അവരാണ് തന്റെ തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം കത്തിൽ വിശദീകരിക്കുന്നു. അതേസമയം ബന്ധുക്കള്‍ പരാതിയുമായി എത്തിയാല്‍ നടപടിയെടുക്കുമെന്ന പോലീസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group