Join News @ Iritty Whats App Group

ഓസ്ട്രേലിയൻ മന്ത്രിസഭയിൽ ഇടംപിടിച്ച് മലയാളി;36 കാരന്‍റെ ചരിത്ര നേട്ടം


മെൽബൺ: ഓസ്ട്രേലിയൻ മന്ത്രിസഭയിൽ ചരിത്രത്തിൽ ആദ്യമായി ഇടംപിടിച്ച് മലയാളി. പത്തനംതിട്ട സ്വദേശിയായ 36 കാരൻ ജിൻസൺ ആന്റോ ചാൾസാണ് മലയാളികൾക്ക് അഭിമാനമായി മാറിയത്. നോർത്തേൺ ടെറിറ്ററി സംസ്ഥാന പാർലമെന്റ് തെരഞ്ഞെടുപ്പിലാണ് ജിൻസൺ ചരിത്രം കുറിച്ചത്. ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ച എട്ടംഗ മന്ത്രിസഭയിലാണ് ജിൻസൺ ഇടംപിടിച്ചത്. പുതിയ മന്ത്രിസഭയിൽ കായികം, കല, സാംസ്കാരികം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് ജിൻസണ് ലഭിച്ചിരിക്കുന്നത്. കൺട്രി ലിബറൽ പാർട്ടിയ്ക്ക് വേണ്ടി മത്സരിച്ച ജിൻസൺ, ആന്റോ ആന്റണി എംപിയുടെ സഹോദര പുത്രൻ കൂടിയാണ്. 



നോർത്തേൺ ടെറിറ്ററിയിലെ 25 അംഗ പാർലമെന്റിൽ 17 സീറ്റുകളിലും വിജയിച്ചാണ് ജിൻസന്റെ കൺട്രി ലിബറൽ പാർട്ടി അധികാരത്തിലെത്തിയത്. തുടർച്ചയായി രണ്ട് തവണ മന്ത്രിയായിരുന്ന കെയ്റ്റ് വോർഡനെ പരാജയപ്പെടുത്തിയാണ് പുതുമുഖമായ ജിൻസൺ ചരിത്രത്തിൽ ഇടംപിടിച്ചത്. 9 അംഗ മന്ത്രിസഭയിലെ ഏക വിദേശ വംശജൻ എന്ന നേട്ടവും ജിൻസൺ സ്വന്തം പേരിലാക്കി കഴിഞ്ഞു. കോട്ടയം ജില്ലയിലെ മൂന്നിലവ് സ്വദേശിയായ ജിൻസൺ 2011ലാണ് നഴ്സിംഗ് ജോലി തേടി ഓസ്ട്രേലിയയിലെത്തിയത്. ന്യൂ സൌത്ത് വെയിൽസ് വാഗവാഗ ബെയ്സ് ഹോസ്പിറ്റലിൽ നഴ്സായാണ് ജിൻസൺ കരിയറിന് തുടക്കമിട്ടത്. 



പിന്നീട്, നോർത്തേൺ ടെറിറ്ററി ഡാർവിനിലെ ആശുപത്രിയിൽ ഉന്നത പദവിയിൽ ജോലി. മാനസികാരോഗ്യത്തിൽ ഉന്നത ബിരുദം നേടിയ ജിൻസൺ അതേ വിഭാഗത്തിന്റെ ഡയറക്ടർ പദവിയിലുമെത്തി. എംബിഎ ബിരുദധാരിയാണ് ജിൻസൺ. അങ്കമാലിയിലെ ലിറ്റിൽ ഫ്ലവർ നഴ്സിംഗ് കോളേജിൽ പഠിക്കുന്ന കാലത്ത് ജിൻസൺ കെ എസ് യു യൂണിറ്റ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. 2009ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് പത്തനംതിട്ടയിലെ കോൺഗ്രസ് ക്യാമ്പയിന്റെ ഭാഗമായി പ്രവർത്തിച്ച പരിചയവും ജിൻസണുണ്ട്. 



ഇതിന് പുറമെ, നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷന്റെ ഫാമിലി കണക്ട് പദ്ധതിയുടെ ഓസ്ട്രേലിയയിലെ നാഷണൽ കോ-ഓർഡിനേറ്ററായും ജിൻസൺ പ്രവർത്തിക്കുന്നുണ്ട്. ഓസ്ട്രേലിയയിലെത്തി നാല് വർഷം കഴിഞ്ഞപ്പോഴാണ് ജിൻസൺ നോർത്തേൺ ടെറിറ്ററിയുടെ തലസ്ഥാനമായ ഡാർവിനിൽ സ്ഥിരതാമസമാക്കിയത്. ഡാർവിനിലെ മലയാളി അസോസിയേഷൻ പ്രസിഡന്റും ജിൻസൺ തന്നെയാണ്. ചാലക്കുടി സ്വദേശിനിയായ അനുപ്രിയ ജോണാണ് ജിൻസന്റെ ഭാര്യ. എയ്മി കേയ്റ്റ്‌ലിൻ ജോൺ (11), അന്നാ ഇസബെൽ ജോൺ (5) എന്നിവർ മക്കളാണ്.

Post a Comment

Previous Post Next Post
Join Our Whats App Group