Join News @ Iritty Whats App Group

ക്രൂഡ് ഓയില്‍ വിലയിടിവ് നേട്ടമാക്കി കമ്പനികള്‍: 3 മാസം ലാഭം 7371 കോടി; എന്നാലും പെട്രോള്‍ വില കുറയ്ക്കില്ല

ഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഏറെ നാളായി ബാരലിന് 70 ഡോളിന് താഴെ എന്ന നിരക്കിലാണ് വ്യാപാരം. 2021 ഡിസംബറിന് ശേഷം ആദ്യമായിട്ടാണ് അസംസ്‌കൃത എണ്ണ വില ഈ നിരക്കിലേക്ക് എത്തിയിരിക്കുന്നത്. അന്താരാഷ്ട്ര രംഗത്ത് വില കുറഞ്ഞെങ്കിലും ഇന്ത്യയിലെ പെട്രോള്‍ - ഡീസല്‍ വില ഉടനടി കുറയാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്.



ചില്ലറ വില്‍പ്പനവിലയിൽ എന്തെങ്കിലും തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് അന്താരാഷ്ട്ര വിപണിയിലെ വില വ്യത്യാസം എത്രകാലം സ്ഥിരത പുലർത്തുമെന്ന് നിരീക്ഷിച്ച് വരാറുണ്ട്. 'പെട്രോള്‍ - ഡീസല്‍ വില കുറയ്ക്കുന്നതിന് മുമ്പ് എണ്ണ വിപണന കമ്പനികൾ കൂടുതൽ കാലം ക്രൂഡ് വിലയിലെ ഇടിവ് നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നു' വിപണി വിദഗ്ധന്‍ കൂടിയായ പ്രശാന്ത് വസിഷ്ഠിനെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.



ചുരുക്കത്തില്‍ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിടിവ് ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്ക് അടുത്തകാലത്തൊന്നും അനുഗ്രഹമായേക്കില്ല. ക്രൂഡ് വില കുറഞ്ഞ സാഹചര്യത്തില്‍ പെട്രോള്‍ , ഡീസല്‍ വില കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന തരത്തിലുള്ള സൂചനകള്‍ നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെ തള്ളുന്നതാണ് പുതിയ റിപ്പോർട്ടുകള്‍.



ഇതിന് മുമ്പ് ലോക്സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 2024 മാർച്ചിലാണ് രാജ്യത്ത് പെട്രോളിൻ്റെയും ഡീസലിൻ്റെയും വില കുറച്ചത്. ലിറ്ററിന് 2 രൂപ വീതമായിരുന്നു വിലയില്‍ വരുത്തിയ കുറവ്. ഹരിയാനയിലും ജമ്മു കശ്മീരിലും നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇന്ധന വില കുറയ്ക്കുന്ന കാര്യം എണ്ണ വിപണന കമ്പനികൾ വീണ്ടും പരിഗണിച്ചേക്കുമെന്നായിരുന്നു സൂചന. എന്നാല്‍ അതിനുള്ള സാധ്യത വളരെ കുറവാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.



ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐ ഒ സി എൽ), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി പി സി എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച് പി സി എൽ) എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ എണ്ണ വിപണന കമ്പനികൾ സമീപകാലത്ത് വലിയ ലാഭവും ഉണ്ടാക്കിയിട്ടുണ്ട്. കണക്കുകള്‍ പ്രകാരം ഈ സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ ഈ കമ്പനികളുടെ ലാഭം 7371 കോടി രൂപയാണ്. വിപണിയിലെ വിലയിടിവാണ് കമ്പനികള്‍ക്ക് അനുഗ്രഹമായി മാറിയത്.



ബ്രെൻ്റ് ക്രൂഡ് ഫ്യൂച്ചർ വില ചൊവ്വാഴ്ച ബാരലിന് 70 ഡോളറിൽ താഴെയെത്തിയിട്ടുണ്ട്. ബുധനാഴ്ച തുടക്കത്തിൽ വിലകൾ ഉയർന്നെങ്കിലും പിന്നീട് വീണ്ടും 70 ഡോളറിന് താഴേക്ക് എത്ത്. ബ്രെൻ്റ് ക്രൂഡ് ബാരലിന് 69.68 ഡോളറിലും യുഎസ് വെസ്റ്റ് ടെക്സസ് ഇൻ്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് 66.37 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്.



അമേരിക്കൻ ഉൽപ്പാദനം പ്രതിദിനം 13 ദശലക്ഷം ബാരലായി ഉയർന്നതും ചൈനയിൽ നിന്നുള്ള ഡിമാന്‍ഡ് കുറഞ്ഞതുമാണ് വിലയില്‍ പ്രതിഫലിച്ചത്. കൂടാതെ, ഒപെക് എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നത് രണ്ട് മാസത്തേക്ക് നീട്ടിയിട്ടുണ്ട്. ഇത് കൂടുതൽ ഉൽപാദനം വെട്ടിക്കുറയ്ക്കുന്നതിൽ അഭിപ്രായവ്യത്യാസമുണ്ടോ എന്ന ആശങ്കയ്ക്കും കാരണമായി മാറി.നിലവിലെ വിലയിടിവ് ഒരു ഹ്രസ്വകാല പ്രതിഭാസമാണോ എന്നും വ്യക്തമല്ല. സാധാരണായി ഒപെക് എല്ലാതവണയും ഉത്പാധനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിക്കുന്നത് വില ഉയരുന്നതിന് ഇടയാക്കാറുണ്ടെന്നും വസിഷ്ഠ് പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group