ലഖ്നൌ: കാണ്‍പൂരിലെ ട്രെയിന്‍ അട്ടിമറി ശ്രമത്തില്‍ ദുരൂഹത ഒഴിയുന്നില്ല. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഇത്തരം മൂന്ന് സംഭവങ്ങൾ കണ്ടെത്തിയെന്ന് റെയിൽവേ അറിയിച്ചു. സോളാപൂർ, ജോധ്പൂർ, ജബൽപൂർ എന്നിവിടങ്ങളിലാണ് അട്ടിമറി ശ്രമം നടന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ റെയിൽവേ ട്രാക്കുകളിൽ തടസം ഉണ്ടാക്കിയതിന് 17 കേസുകൾ എടുത്തിട്ടുണ്ടെന്നും റെയിൽവേ വ്യക്തമാക്കി. ട്രെയിൻ അട്ടിമറിയെക്കുറിച്ച് ഉത്തർപ്രദേശ് എടിഎസ് പ്രത്യേക അന്വേഷണം ആരംഭിച്ചു. ഇതുവരെ ചോദ്യം ചെയ്യാൻ 12 പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ആയിരത്തിലേറെ പേർ യാത്ര ചെയ്യുന്ന കാളിന്ദി ഏക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം നടന്നത്. എല്‍പിജി സിലിണ്ടറും പെട്രോള്‍ നിറച്ച കുപ്പിയും ഉപയോഗിച്ചായിരുന്നു ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം നടത്തിയത്. പ്രയാഗ്‍രാജിൽ നിന്ന് ഹരിയാനയിലെ ഭിവാനിയിലേക്കുള്ള യാത്രക്കിടെയാണ് അട്ടിമറി ശ്രമം നടന്നത്. പുലർച്ചെയോടയാണ് സംഭവം നടക്കുന്നത്. യാത്രയിക്കിടെ പാളത്തിലെ എല്‍പിജി സിലിണ്ടര്‍ ലോക്കോ പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും വളരെ അടുത്തായിരുന്നതിനാൽ ട്രെയിന്‍ നിൽക്കാതെ സിലിണ്ടറില്‍ ഇടിച്ചു. പിന്നാലെ പതിയെ ട്രെയിൻ നിർത്താനായതോടെ വലിയ അപകടം ഒഴിഞ്ഞുപോയി. അട്ടിമറി ശ്രമം ലോക്കോപൈലറ്റ് അധികൃതരെ അറിയിച്ചു. ഉടനടി റെയിൽവേ പൊലീസും ഫോറന്‍സിക് സംഘവും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കേടായ എല്‍പിജി സിലിണ്ടറിനൊപ്പം പെട്രോള്‍ നിറച്ച കുപ്പിയും തീപ്പെട്ടിയും ഉള്‍പ്പടെയുള്ള വസ്തുക്കൾ പൊലീസ് കണ്ടെടുത്തു.
സംശയാസ്പദമായ ചില വസ്തുക്കളും ഇവിടെ നിന്ന് അന്വേഷണ ഏജൻസികൾ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടില്ല. സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനാൽ സംസ്ഥാന - കേന്ദ്ര സർക്കാരുകൾ ജാഗ്രതയിലാണ്. ദില്ലിയില്‍ നിന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Post a Comment