കണ്ണൂർ:തൊണ്ടയില്‍ ശസ്ത്രക്രിയക്ക് വിധേയനായ കണ്ണൂരിലെ 17കാരന്‍ മരിച്ചത് ഡോക്ടറുടെ ഗുരുതര അനാസ്ഥ മൂലമെന്ന് ആക്ഷേപം.
രക്തസ്രാവത്തെ തുടര്‍ന്നാണ് കഴിഞ്ഞ ജൂലൈയില്‍ കണ്ണാടിപ്പറമ്ബ് സ്വദേശി സൂര്യജിത് മരിച്ചത്. ഒരു രാത്രി മുഴുവന്‍ രക്തം ഛര്‍ദിച്ചിട്ടും മതിയായ ചികിത്സ നല്‍കിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മാതാപിതാക്കള്‍ പരാതി നല്‍കി.
ഈ വര്‍ഷം ജൂലൈ പതിനേഴിനായിരുന്നു കണ്ണൂരിലെ ക്ലിനിക്കില്‍ സൂര്യജിതിന്റെ ശസ്ത്രക്രിയ. രണ്ട് ദിവസത്തിന് ശേഷം വായില്‍ നിന്ന് രക്തം വന്നു. ഡോക്ടര്‍ നിര്‍ദേശിച്ചത് പോലെ ഐസ് വച്ചപ്പോള്‍ രക്തസ്രാവം നിന്നു. എന്നാല്‍ പിറ്റേ ദിവസം രാത്രി പന്ത്രണ്ട് മണിയോടെ കുട്ടി രക്തം ഛര്‍ദിച്ചുവെന്ന് സൂര്യജിതിന്റെ അമ്മ പറയുന്നു. പിന്നാലെ കണ്ണൂരിലെ തന്നെ മറ്റൊരാശുപത്രിയില്‍ ഇതേ ഡോക്ടറെത്തി പരിശോധിച്ചെങ്കിലും പ്രശ്മില്ലെന്നാണ് അറിയിച്ചത്. ജൂലൈ 23ന് രാവിലെ സൂര്യജിതിന്റെ മരണം സ്ഥിരീകരിച്ചു. ശസ്ത്രക്രിയയിലെ പിഴവും ഡോക്ടറുടെ അനാസ്ഥയുമാണ് പതിനേഴുകാരന്റെ ജീവനെടുത്തതെന്ന് കുടുംബത്തിന്റെ പരാതി.
അസ്വാഭാവിക മരണത്തിന് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. ശസ്ത്രക്രിയക്ക് ശേഷമുണ്ടായ മുറിവും രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പറയുന്നത്. ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രികളുടെ വിശദീകരണം. കൂടുതല്‍ പ്രതികരണത്തിന് ഡോക്ടറെയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല.
Post a Comment