Join News @ Iritty Whats App Group

സ്കൂൾ പാര്‍ലമെന്റിൽ ചര്‍ച്ച, വിഭവസമൃദ്ധമായ സദ്യ വേണ്ട എന്ന് നിര്‍ദേശം; മാതൃകാപരമായ ഓണാഘോഷം നടത്തി മോഡൽ സ്കൂൾ

തൈക്കാട്: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷം വ്യത്യസ്തമാക്കി വിദ്യാർഥികൾ. തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളാണ് ഇത്തവണ നിർധനരായ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ നൽകി കൊണ്ട് തങ്ങളുടെ ഓണാഘോഷം ഗംഭീരമാക്കിയത്.

എല്ലാ വർഷവും നടത്തുന്ന വിഭവസമൃദ്ധമായ സദ്യ വേണ്ട എന്ന നിർദ്ദേശം വെച്ചതും വിദ്യാർഥികൾ തന്നെ ആയിരുന്നു. പകരം എന്തു ചെയ്യാം എന്ന സ്കൂൾ പാർലമെന്റിൽ നടന്ന ചർച്ചയാണ് പൊതിച്ചോർ വിതരണം നടത്തി ആഘോഷം ഗംഭീരമാക്കാമെന്ന ആശയത്തിലേക്ക് എത്തിയത്. സ്കൂൾ നാഷണൽ സർവീസ് സ്കീം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അഞ്ച് മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസിലെ കുട്ടികളും അവരുടെ അധ്യാപകരും അനധ്യാപകരും പദ്ധതിയിൽ പങ്കാളികളായി. 

എഴുനൂറോളം പൊതികളാണ് ആർസിസി, മെഡിക്കൽ കോളേജ് പരിസരങ്ങളിലായി വിതരണം ചെയ്തത്. തങ്ങളുടെ വിദ്യാർഥി ജീവിതത്തിലെ മറക്കാനാകാത്ത ഒരു ദിവസം എന്നാണ് സ്കൂൾ ചെയർമാൻ സുബിത് സുരേഷ് ഈ ആഘോഷത്തെപ്പറ്റി അഭിപ്രായപ്പെട്ടത്. എൻ.എസ്എസ് കോ ഓർഡിനേറ്റർ രതീഷ് കുമാർ, ക്രിസ്റ്റഫർ ജോണി, വിശ്വദാസ് എന്നീ അധ്യാപകരും സ്കൂൾ പാർലമെൻ്റ് അംഗങ്ങൾ, എൻ എസ് എസ് വോളൻ്റിയേഴ്സും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Join Our Whats App Group