കണ്ണൂര്‍: തൊഴില്‍ തേടിയെത്തിയ ഇതരസംസ്ഥാനക്കാരെ കണ്ണൂരില്‍ കൊള്ളയടിച്ച രണ്ടുപേര്‍ പിടിയില്‍. ജോലിക്കെന്ന വ്യാജേന വിജനമായ സ്ഥലത്തെത്തിച്ചു പണവും മൊബൈല്‍ ഫോണുകളുമായി കടന്ന ചേര്‍ത്തല പട്ടണക്കാട് കുഴിവെള്ളി വെളി വീട്ടില്‍ എ.എന്‍. അനൂപ്(45), തൃശൂര്‍, കുറ്റിച്ചിറ കാരാപാടത്തെ കായംകുടം വീട്ടില്‍ കെ.എസ്. അനീഷ്(30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പരിയാരം എസ്.ഐ: എന്‍.പി. രാഘവന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു നീക്കം നടത്തിയത്. പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ മേയ്-30 ന് ആണ് സംഭവം. തളിപ്പറമ്പില്‍ നിന്നും പൂവ് പറിക്കുന്ന ജോലിക്കാണെന്ന് പറഞ്ഞ് ടിഎന്‍ 09 കെ-8845 നീല മാരുതിക്കാറില്‍ ഇരുവരും നാല് അതിഥി തൊഴിലാളികളെ പരിയാരം അമ്മാനപ്പാറയില്‍ എത്തിച്ചു. അവര്‍ ജോലിചെയ്യുന്നതിനിടെ കാറില്‍ സൂക്ഷിച്ച 11,000 രൂപയും 13,500, 19,500 രൂപ വിലവരുന്ന രണ്ട് ഫോണുകളുമായി കടന്നുകളയുകയുമായായിരുന്നു. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് ബഹ്‌റാംപൂരിലെ തപസ് ചൗധരി, ബികാസ്, ഗൗതം മാന്‍ഡ എന്നിവരും പേരറിയാത്ത മറ്റൊരാളുമാണ് കവര്‍ച്ചക്കിരയായത്.
രണ്ട് മോഷ്ടാക്കളും കുടുംബസമേതം പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലെത്തി അവിടെ ലോഡ്ജില്‍ മുറിയെടുത്ത ശേഷമാണ് കാറുമായി മോഷണത്തിന് ഇറങ്ങിയത്. പോലീസ് പിന്തുടരുന്നതായി സംശയിച്ച് പൊള്ളാച്ചിയിലേക്ക് കടന്ന പ്രതികള്‍ അവിടെ ഒരു തെങ്ങിന്‍ തോട്ടത്തില്‍ ജോലി ചെയ്യവെയാണ് പിടിയിലായത്. രണ്ടു പ്രതികളെയും തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post a Comment