കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്നുവെന്നു സിനിമാ നടീനടന്‍മാരുടെ സംഘടനയായ 'അമ്മ'. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന മോശമായ കാര്യങ്ങള്‍ ചെയ്തവര്‍ ആരെന്നു പോലീസ് കണ്ടെത്തട്ടെയെന്നും ഏത് അനേ്വഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ജനറല്‍ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും താരസംഘടന മറുപടി നല്‍കാന്‍ വൈകുന്നതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
'അമ്മ' മറുപടി നല്‍കാതെ ഒളിച്ചോടിയതല്ല. മറുപടിക്കു കൂടിയാലോചന വേണമായിരുന്നു. സംഘടനയിലുള്ളവരുമായി ചര്‍ച്ച നടത്തിയിട്ടാണ് മറുപടി തരുന്നത്. സംഘടനയില്‍പ്പെട്ടവര്‍ മെഗാഷോയുമായി ബന്ധപ്പെട്ട തിരിക്കിലായിരുന്നു. അതും മറുപടി വൈകാന്‍ ഇടയാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അമ്മ സംഘടനയ്ക്ക് എതിരല്ല. കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കണം. രണ്ടു വര്‍ഷം മുമ്പ് ഹേമ കമ്മിറ്റി മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരടക്കമുള്ളവരില്‍ നിന്ന് നിര്‍ദേശങ്ങള്‍ തേടിയിരുന്നു. പ്രതിഫലം സംബന്ധിച്ച കാര്യങ്ങളാണ് സംസാരിച്ചത്. താരസംഘടനയില്‍പ്പെട്ടവരെ ഹേമ കമ്മിറ്റി വിളിച്ചതായി അറിയില്ല.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സിനിമയിലെ വനിതാ അംഗങ്ങള്‍ക്ക് ഗുണകരമാണ്. എന്നാല്‍, കമ്മിറ്റി കണ്ടെത്തി പറഞ്ഞ ചില വാചകങ്ങള്‍മാത്രം ഉയര്‍ത്തിയപ്പോള്‍ അത് സിനിമയെ മൊത്തം മോശമാക്കുന്ന തരത്തിലായതില്‍ എതിര്‍പ്പുണ്ട്. എല്ലാ മേഖലയില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ട്. കമ്മിറ്റി പറഞ്ഞതുപോലെ കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ പരാതിപ്പെട്ട് പോലീസ് നടപടിയിലേക്കു കടക്കുകയാണു വേണ്ടത്. മറിച്ച് മോശം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പുകമറ സൃഷ്ടിച്ച് കുറ്റക്കാരല്ലാത്തവരെക്കൂടി സംശയനിഴലിലാക്കി നാണംകെടുത്തരുത്. അടുത്തദിവസംചേരുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ചചെയ്യും.
സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഇല്ല. അങ്ങനെയുണ്ടെങ്കില്‍ പേര് പുറത്തുവരട്ടെ. അങ്ങനെ പവര്‍ഗ്രൂപ്പിന് സിനിമയെ നിയന്ത്രിക്കാന്‍ സാധ്യമല്ല. ആരെയും ഒതുക്കാനും സിനിമയില്‍ ചാന്‍സ് നഷ്ടമാക്കാനും ആര്‍ക്കും സാധ്യമല്ല. വിജയിച്ച പടങ്ങളുടെ ചുവടുപിടിച്ച് മുന്നോട്ടുപോകുന്നതാണു സിനിമാ വ്യവസായം. പത്തുവര്‍ഷം മുമ്പ് വിവിധ സിനിമാ സംഘടനകളില്‍പ്പെട്ടവര്‍ ചേര്‍ന്ന് പത്തുപേരുടെ ഒരു ഹൈപവര്‍ കമ്മിറ്റിക്കു രൂപം നല്‍കിയിരുന്നു. ഇതിനെയാണ് 'പവര്‍ ഗ്രൂപ്പ്' എന്ന് കരുതിയതെന്ന് സംശയിക്കുന്നു. നിലവില്‍ അത്തരമൊരു ഹൈപവര്‍ കമ്മിറ്റിയില്ല. പവര്‍ ഗ്രൂപ്പ് എന്നതുപോലെ തന്നെ മാഫിയ, ഗുണ്ടാസംഘം എന്നിവയുടെ നിയന്ത്രണത്തിലാണ് സിനിമയെന്ന് കമ്മിറ്റി നിരീക്ഷണത്തോടും യോജിപ്പില്ല.
ഹേമ കമ്മിറ്റി എല്ലാ അംഗങ്ങളെയും വിളിച്ച് മൊഴി ചോദിച്ചിട്ടില്ല. കാസ്റ്റിങ് കൗച്ച് എന്റെ അറിവില്‍ ഇല്ല. അത്തരം പരാതികളും 'അമ്മ'യ്ക്ക്മുന്നില്‍ വന്നിട്ടില്ല. നടി പാര്‍വതിക്ക് സിനിമയില്‍ അവസരം നഷ്ടമാക്കിയിട്ടില്ല. മികച്ച നടിയായ അവര്‍ എത്രയോ സിനിമകളുടെ ഭാഗമായിക്കഴിഞ്ഞു.'-സിദ്ദിഖ് പറഞ്ഞു. തനിക്കു സിനിമയില്‍ മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത നടി ജോമോള്‍ പറഞ്ഞു.
Post a Comment