Join News @ Iritty Whats App Group

അ‌ർജുൻ്റെ ലോറി പുഴക്ക് അടിയിൽ ഉണ്ടെന്നതിന് തെളിവ് കിട്ടിയെന്ന് കളക്ടർ ലക്ഷ്മി പ്രിയ, തെരച്ചിൽ ഇനി വെള്ളിയാഴ്ച

മംഗളുരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ നിർണായക തെളിവ് ലഭിച്ചെന്ന് രക്ഷാ ദൗത്യം ഏകോപിക്കുന്ന ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ വ്യക്തമാക്കി. ഇന്നത്തെ തെരച്ചിലിൽ കയറടക്കം കണ്ടെത്തിയതിനാൽ അ‍ർജുന്‍റെ ലോറി പുഴക്കടിയിൽ തന്നെ ഉണ്ടെന്ന് ഉറപ്പായെന്നും അവർ വിവരിച്ചു. ലോറി പുഴക്ക് അടിയിൽ ഉണ്ടെന്നതിന്‍റെ തെളിവാണ് ഇന്ന് കയർ ലഭിച്ചതെന്നും കളക്ടർ  പറഞ്ഞു.

ഈ കയർ ലഭിച്ച സ്ഥലം അടിസ്ഥാനമാക്കിയായിരിക്കും ഇനിയുള്ള പരിശോധന. ഡ്രഡ്ജർ എത്തുന്നത് വരെ ഡൈവർമാർ തെരച്ചിൽ നടത്തുമെന്നും ഡ്രഡ്ജർ എത്തിയശേഷം തെരച്ചിൽ ഏതുതരത്തിൽ വേണമെന്ന് തീരുമാനമെടുക്കുമെന്നും കളക്ടർ വിവരിച്ചു. ഡ്രഡ്ജിംങ്ങും മുങ്ങിയുള്ള പരിശോധനയും ഒരുമിച്ച് നടത്താനാവില്ലെന്നും ഇത് പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും അവർ വ്യക്തമാക്കി.

അതേസമയം അര്‍ജുന് വേണ്ടിയുള്ള ഇന്നത്തെ തെരച്ചിലില്‍ പ്രതീക്ഷയുണ്ടെന്ന് സഹോദരി അഞ്ജു പ്രതികരിച്ചു. ഇനി കാര്യക്ഷമമായ തെരച്ചിൽ നടത്തണമെന്നും ജില്ലാ ഭരണകൂടം പറയുന്ന കാര്യങ്ങളല്ല പലപ്പോഴും നടക്കുന്നതെന്നും അതില്‍ വിഷമമുണ്ടെന്നും അഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അതേസമയം നാവിക സേന ഇന്നത്തെ തെരച്ചിൽ നിർത്തി. സാധനങ്ങൾ കണ്ടെത്തിയ സ്ഥലം അടയാളപ്പെടുത്തി തെരച്ചിലിനിറങ്ങിയ മൽപെ സംഘം തിരിച്ചുകയറി. നാളെ അവധിയായിരിക്കുമെന്നും വെള്ളിയാഴ്ച തെരച്ചിൽ വീണ്ടും തുടങ്ങുമെന്നും ദൗത്യസംഘം വ്യക്തമാക്കി. മഴ ഇല്ലാത്തത് അനുകൂലമാണെന്ന് സതീഷ് സൈൽ എംഎൽഎ അറിയിച്ചു. കയർ അർജുന്‍റെ ലോറിയുടെതെന്ന് സ്ഥിരീകരിക്കാനായത് ഗുണമാണെന്നും എം എൽ എ വിവരിച്ചു.

അതിനിടെ ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിനായി ഡ്രഡ്ജർ എത്തിക്കാൻ തീരുമാനമായിട്ടുണ്ട്. ഗോവയിൽ നിന്ന് തിങ്കളാഴ്ചയോടെ ഡ്രഡ്ജർ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ഡ്രഡ്ജർ എത്തിക്കുന്നതിനായി 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. 22 ലക്ഷം രൂപയാണ് ട്രാൻസ്പോർട്ടേഷന് മാത്രമായി ചെലവ് വരുന്നത്. ജലമാർ​​​ഗത്തിലായിരിക്കും ഡ്രഡ്ജർ എത്തിക്കുകയെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group