Join News @ Iritty Whats App Group

ആദ്യത്തെ ആംബുലൻസിൽ ബാപ്പയെത്തി; പിറകെ മാമൻമാരും, ഓളെ മാത്രം എവിടേയും കണ്ടില്ല; ആധി കൂട്ടി അൻസിൽ തിരഞ്ഞത് 8 നാൾ

കൽപ്പറ്റ: വയനാട്ടിലെ ദുരന്തമുഖത്ത് ഉറ്റവരുടേയും ഉടയവരുടേയും നീണ്ട വിലാപങ്ങൾക്കിടയിൽ നിന്ന് പ്രതീക്ഷ മങ്ങാതെ ഒരു അതിജീവനത്തിൻ്റെ പ്രണയകഥ. ചൂരൽമല സ്വദേശിയായ പെൺസുഹൃത്തിനെ മൃതദേഹങ്ങൾക്കിടയിൽ എട്ടു ദിവസമാണ് നെല്ലിമുണ്ട സ്വദേശി അൻസിൽ തെരഞ്ഞെത്. സുഹൃത്തിന്റെ ബന്ധുക്കളുടെ ചേതനയറ്റ ശരീരം കണ്ടതോടെ അൻസിൽ ആകെ നിരാശനായി. ജീവന് തുല്യം സ്നേഹിക്കുന്ന അവളെ ക്യാംപിൽ കണ്ടത്തോടെയാണ് മുഖം തെളിഞ്ഞത്. 

കുറേ ദിവസങ്ങൾ ദുരന്തബാധിത പ്രദേശങ്ങളിൽ താമസിച്ചു തെരച്ചിൽ നടത്തിയെന്ന് അൻസിൽ പറയുന്നു. അവസാന ദിവസം വരെ നിന്നു. കയ്യും തലയുമില്ലാതെയായിരുന്നു മൃതദേഹങ്ങൾ എത്തിക്കൊണ്ടിരുന്നത്. അത് കൂടുതൽ പേടി തോന്നിപ്പിച്ചു. പ്രണയിക്കുന്ന പെൺകുട്ടിയെ കാണാൻ തന്നെയാണ് എത്തിയത്. ഫിദ എന്നാണ് അവളുടെ പേര്. ചൂരൽമല ഭാ​ഗത്തായിരുന്നു അവളുടെ കുടുംബത്തിന്റെ താമസം. ഓളുടെ ബാപ്പ മരണപ്പെട്ടു, ഓളെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. അവൾക്കെന്തെങ്കിലും പറ്റിയോ എന്നറിയാനായിരുന്നു ഇവിടെ നിന്നത്-അൻസിൽ പറയുന്നു. 

ആദ്യത്തെ രണ്ടു ദിവസം അവളുടെ ബാപ്പയുടെ മൃതദേഹം എത്തിച്ചു. പിന്നിലുണ്ടായിരുന്ന മൃതദേഹങ്ങളിൽ അമ്മാവൻമാരേയും കൊണ്ടുവന്നു. കയ്യും കാലുമൊന്നും ഉണ്ടായിരുന്നില്ല അവർക്കൊന്നും. പക്ഷേ മുഖം കണ്ടപ്പോൾ ഏകദേശം തിരിച്ചറിഞ്ഞു. എല്ലാവരും ഒരു വീട്ടിലുണ്ടായിരുന്നവരാണ്. അവരെല്ലാവരും മരണപ്പെട്ടു. പെൺസുഹൃത്തിന്റെ ബാപ്പയെ കാണിച്ചു തന്നത് കൂടെയുണ്ടായിരുന്ന സുഹൃത്താണ്. ഇനി അവളും കൂടെ മരിച്ചുപോയോ എന്നായിരുന്നു പിന്നീടുള്ള ആധി. 

അതിനിടയിൽ എട്ടു ദിവസത്തിനു ശേഷം ക്യാമ്പിൽ നിന്ന് സുഹൃത്താണ് ഫിദയെ കാണിച്ചുതന്നത്. ക്യാമ്പിൽ പോയപ്പോൾ അവളെപ്പോലെ ഒരു പെൺകുട്ടിയെ കണ്ടു. ചോദിച്ചറിഞ്ഞപ്പോൾ ആള് ഇതുതന്നെയാണ്. ഫോട്ടോ കണ്ട ഓർമ്മയുണ്ടായിരുന്നുവെന്ന് അൻസിലിന്റെ സുഹൃത്ത് പറയുന്നു. പെൺസുഹൃത്തിനെ കണ്ടെത്തുന്നത് വരെ അൻസിൽ നിശബ്ദനായിരുന്നു. ആരോടും മിണ്ടാതെ ഒരിടത്ത് പോയിരിക്കും. മൃതദേഹങ്ങൾ തെരയലൊക്കെയാണ് പണിയെന്നും സുഹൃത്ത് പറയുന്നു. ക്യാമ്പിലുണ്ടെന്ന് അറിഞ്ഞതോടെ പോയി കണ്ടു. ബാപ്പ മിസ്സിങ്ങാണെന്ന് അവൾ പറഞ്ഞെങ്കിലും മരിച്ചത് അറിഞ്ഞിരുന്നില്ല. പിന്നീട് മരിച്ചെന്ന് അറിയിച്ചു. ഇപ്പോഴും ഇവിടെ മൃതദേഹങ്ങൾ എത്തുന്നുണ്ട്. പക്ഷേ ശരീര ഭാ​ഗങ്ങളും അസ്ഥികളുമാണ്. കൂടപ്പിറപ്പുകൾ ഉൾപ്പെടെ പലരും പോയി. നിലവിൽ ഇവിടെ മൃതദേഹങ്ങൾ കണ്ടെത്താനുള്ള തെരച്ചിലിൽ തുടരുകയാണെന്നും അൻസിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group