അയോധ്യ: അയോധ്യയിലെ അതീവസുരക്ഷാ മേഖലയിൽ ശ്രീരാമക്ഷേത്രത്തിലേക്കുള്ള വഴിയിൽ സ്ഥാപിച്ചിരുന്ന, 3800 ബാംബുലൈറ്റുകളും 36 പ്രൊജക്ടർ ലൈറ്റുകളും മോഷണം പോയി.
50 ലക്ഷം രൂപയുടെ മോഷണം നടന്നുവെന്നാണു പ്രാഥമിക കണക്ക്. ഓഗസ്റ്റ് ഒൻപതിന് രാമജന്മഭൂമി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
അയോധ്യ ഡെവലപ്മെന്റ് അഥോറിറ്റി കരാർ നല്കിയ യാഷ് എന്റർപ്രൈസസ്, കൃഷ്ണ ഓട്ടോമൊബൈൽ എന്നീ സ്ഥാപനങ്ങളാണു ക്ഷേത്രനഗരിയിൽ വർണാഭമായ വഴിവിളക്കുകൾ സ്ഥാപിച്ചത്.
രാംപഥിൽ മുളകൊണ്ടു നിർമിച്ച 6400 വഴിവിളക്കുകളും ഭക്തിപഥിൽ 96 പ്രൊജക്ടർ വിളക്കുകളുമാണുണ്ടായിരുന്നത്. മാർച്ച് 19 വരെ ഈ വിളക്കുകൾ പൂർണമായും പ്രകാശിച്ചിരുന്നു.
ഇവർ നല്കിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണു കവർച്ച കണ്ടെത്തിയത്. മേയ് ഒൻപതിനു നടത്തിയ പരിശോധനയിൽ ഇവയിൽ മിക്കവയും മോഷണം പോയതായി കണ്ടെത്തുകയായിരുന്നു.
അതേസമയം, അയോധ്യ ഇരുട്ടിൽത്തപ്പുകയാണെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു.
Post a Comment