പഴയങ്ങാടി: കണ്ണപുരത്ത് ബിജെപി പ്രവർത്തകനു വെട്ടേറ്റ സംഭവുമായി ബന്ധപ്പെട്ട് പോലീസ് സുരക്ഷ ശക്തമാക്കി. കരിക്കാട്ട് മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തുനിന്നാണ് ബിജെപി പ്രവർത്തകനും ബൂത്ത് പ്രസിഡന്റുമായ ബാബുവിന് (32) ഇന്നലെ രാത്രിയിൽ വെട്ടേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരായ രോഷിത്ത്, സിനാൻ, അരുൺ ബാബു കണ്ണപുരം തുടങ്ങി 15 പേർക്കെതിരേ കണ്ണപുരം പോലീസ് കേസെടുത്തു.
ഗുരുതര പരിക്കുകളോടെ ബാബു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് കോലത്തുവയലിന് സമീപം ഘോഷയാത്ര തുടങ്ങുന്നതിനിടെ എത്തിയസംഘം അനൗൺമെന്റ് വാഹനം അടിച്ചു തകർക്കുകയും പ്രവർത്തകരെ മർദിക്കുകയും ചെയ്തതായാണ് പറയുന്നത്.
തുടർന്ന് ഘോഷയാത്ര കഴിഞ്ഞ് മടങ്ങവേയാണ് വീടിന് സമീപത്ത് വച്ച് ബാബുവിനെ ഒരു സംഘം തടഞ്ഞ് നിർത്തി വെട്ടി പരിക്കേൽപ്പിച്ചത്. ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകരാണ് സംഘർഷം നടത്തിയതെന്ന് കാണിച്ച് ബിജെപി കല്യാശേരി മണ്ഡലം പ്രസിഡന്റ് സി.വി. സുമേഷ് കണ്ണപുരം പോലീസിൽ പരാതി നൽകിയിരുന്നു.
ഇന്ന് വൈകുന്നേരം അഞ്ചിന് ബിജെപി കല്യാശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സിപിഎം അക്രമത്തിൽ പ്രതിഷേധിച്ച് കിച്ചേരിയിൽ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തും. ജില്ലയിലെ പ്രമുഖനേതാക്കൾ പ്രസംഗിക്കും
Post a Comment