Join News @ Iritty Whats App Group

ലേബര്‍പാര്‍ട്ടിയുടെ വിജയത്തില്‍ ചെറിയപങ്ക് കേരളത്തിനും; അഷ്‌ഫോഡില്‍ നിന്നും ജയിച്ചുകയറിയത് കോട്ടയംകാരന്‍ മലയാളി


ലണ്ടന്‍ : യുകെയിലെ ജനറല്‍ ഇലക്ഷനില്‍ ലേബര്‍പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ ഏറുമ്പോള്‍ ഇങ്ങ് കേരളത്തിനും ഒരു ചെറിയ പങ്ക്. അഷ്‌ഫോഡില്‍ നിന്നും മത്സരിച്ചു ജയിച്ച കോട്ടയംകാരന്‍ സോജന്‍ ജോസഫ് എന്ന മലയാളിയും പാര്‍ലമെന്റിലേക്ക് എത്തുന്നു. കെന്റിലെ നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നായ അഷ്‌ഫോര്‍ഡിലെ ലേബര്‍പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്നു സോജന്‍ ജോസഫ്. 1779 വോട്ടുകള്‍ക്ക് സാജന്‍ കണ്‍സര്‍വേറ്റീവുകളുടെ ഡാമിയന്‍ ഗ്രീനെയാണ് പരാജയപ്പെടുത്തിയത്.

ആറുപേര്‍ മത്സരിച്ച അഷ്‌ഫോര്‍ഡില്‍ 32.5 ശതമാനം വോട്ടുഷെയറാണ് സാജന്‍ നേടിയത്. 2019 നെ അപേക്ഷിച്ച് 8.7 ശതമാനം വോട്ടിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്ക് വലിയ മുന്‍തൂക്കമുള്ള മണ്ഡലങ്ങളില്‍ ഒന്നായ അഷ്‌ഫോര്‍ഡില്‍ അട്ടിമറി വിജയമായിരുന്നു സോജന്‍ നേടിയത്. പാര്‍ട്ടി ഉണ്ടായ 139 വര്‍ഷത്തിനിടയില്‍ മൂന്ന് തവണ മാത്രമാണ് അഷ്‌ഫോര്‍ഡ് ലേബര്‍പാര്‍ട്ടിക്കൊപ്പം നിന്നിട്ടുള്ളത്. മാനസീകാരോഗ്യ വിഭാഗത്തിലെ നഴ്‌സിംഗ് ഹെഡ് ആയ സോജന്‍ യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ 22 വര്‍ഷമായി ജോലി ചെയ്യുന്നു. വില്യം ഹാര്‍വി ഹോസ്പ്പിറ്റിലില്‍ ജൂനിയര്‍ നഴ്‌സായി കരിയര്‍ ആരംഭിച്ച സോജന്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനം താന്‍ എന്നും ജനങ്ങള്‍ക്കൊപ്പം അഷ്‌ഫോഡില്‍ തന്നെ സ്ഥിരമായി കാണുമെന്ന ഉറപ്പായിരുന്നു.

ഉപപ്രധാനമന്ത്രിയായിരുന്നു അദ്ദേഹത്തിന്റെ എതിരാളി. ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയായിരുന്നു വിജയം. സോജന്റെ വിജയം കോട്ടയത്തെ ഏറ്റുമാനൂരിനടുത്തുള്ള ഓണംതുരുത്തിലും ആഘോഷമായി. ഇവിടെ നിന്നും സാജന്‍ യൂകെ യിലേക്ക് പോയത് 2001 ലായിരുന്നു. ഇരിങ്ങാലക്കുടക്കാരിയായ ഭാര്യ ബ്രീത്തയും യുകെയില്‍ നഴ്‌സാണ്. ഇവര്‍ക്ക് പുറമേ സോജന്റെ സഹോദരി സിബി ജോസഫും ലണ്ടനിലാണ്. കഴിഞ്ഞ മാര്‍ച്ചിലാണ് സോജന്‍ അമ്മയുടെ ആദ്യ ചരമവാര്‍ഷികത്തിന് ശേഷം വിദേശത്തേക്ക് പോയത്. രണ്ടുപെണ്‍മക്കളും ഒരു മകനുമാണ് സാജനുള്ളത്.

Ads by Google

Post a Comment

Previous Post Next Post
Join Our Whats App Group