Join News @ Iritty Whats App Group

ഹൃദയ ശസ്ത്രക്രിയാ വിദഗ്ദന്‍ ഡോ. എം എസ് വല്യത്താന്‍ വിടപറഞ്ഞു ; അന്ത്യം മണിപ്പാലില്‍

തിരുവനന്തപുരം: പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദന്‍ ഡോ. എം എസ് വല്യത്താന്‍ (90) അന്തരിച്ചു. മണിപ്പാലില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. രാജ്യം പത്മശ്രീയും പത്മ വിഭൂഷനും നല്‍കി ആദരിച്ച ഹൃദയശസ്ത്രക്രിയാ വിദഗ്ദനാണ് അദ്ദേഹം.

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലൂടെ മലയാളികള്‍ക്കിടയില്‍ സുപരിചിതനായ അദ്ദേഹം തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ സ്ഥാപകനും സ്ഥാപക ഡയറക്ടറുമായിരുന്നു. മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയുടെ ആദ്യ വിസിയും ആയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആദ്യ ബാച്ചിലായിരുന്നു ഡോ. എം എസ് വല്യത്താന്റെ എംബിബിഎസ് പഠനം.

മാര്‍ത്തണ്ഡവര്‍മ്മയുടെയും ജാനകി വര്‍മ്മയുടെയും മകനായി 24 മെയ് 1934 ന് ജനിച്ച അദ്ദേഹം മാവേലിക്കരയില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരത്ത് എത്തി. യൂണിവേഴ്‌സിറ്റി കോളേജിലെ പഠനത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥിയായി. പിന്നീട് ഇംഗ്ലണ്ടിലെത്തി. റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഓഫ് എഡിന്‍ബര്‍ഗിലെയും ഇംഗ്ലണ്ടിലെയും ഫെലോഷിപ്പും ലിവര്‍പൂള്‍ സര്‍വകലാശാലയില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ഫാക്കല്‍റ്റി അംഗമായി കുറച്ചുകാലം ജോലി ചെയ്തശേഷം ചണ്ഡിഗഡിലെ ജോണ്‍സ് ഹോപ്കിന്‍സ്, ജോര്‍ജ്ജ് വാഷിംഗ്ടണ്‍, യുഎസ്എയിലെ ജോര്‍ജ്ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലുകള്‍ എന്നിവിടങ്ങളില്‍ ഹൃദയ ശസ്ത്രക്രിയയെക്കുറിച്ച് കൂടുതല്‍ പരിശീലനം നേടി. ശ്രീചിത്രയില്‍ ഏകദേശം ഇരുപത് വര്‍ഷം സേവനം ചെയ്തശേഷമാണ് ഡോ. വല്യത്താന്‍ മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറായത്.

ആരോഗ്യ രംഗത്തിന് നല്‍കിയ മതിയായ സംഭാവനകള്‍ പരിഗണിച്ച് 1990 ല്‍ പത്മശ്രീയും 2005 ല്‍ പത്മവിഭൂഷനും നല്‍കി രാജ്യം ആദരിച്ചു. 1999 ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ അദ്ദേഹത്തിന് ഷെവലിയര്‍ പട്ടം നല്‍കി. 2009 ല്‍ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്‌കൂളും ആദരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group