Join News @ Iritty Whats App Group

'അർജുനും ലോറിയും പുഴയിലേക്ക് പോയിട്ടില്ല, മനസിലാക്കാൻ എഞ്ചിനിയറിങ് ബുദ്ധി വേണ്ട'; കാരണം പറഞ്ഞ് മനാഫ്


ഷിരീരിലെ മണ്ണിടിച്ചിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരിച്ചിൽ ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. റഡാറിൽ സിഗ്നൽ ലഭിച്ച ഭാഗത്തെ മണ്ണായിരുന്നു ഇന്നലെ മാറ്റിയത്. റോഡില്‍ വീണുകിടന്ന മണ്ണില്‍ 98 ശതമാനവും നീക്കം ചെയ്തിട്ടും ലോറി കണ്ടെത്താനായില്ലെന്നാണ് കഴിഞ്ഞ ദിവസം കർണാടക റവന്യൂ മന്ത്രി അറിയിച്ചത്. ഇതോടെ ലോറി ഗംഗാവതി പുഴയിലെ മൺകൂനയിൽ ആകാമെന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ ലോറി പുഴയിലേക്ക് നീങ്ങാനുള്ള യാതൊരു സാധ്യതയും ഇല്ലെന്ന് ആവർത്തിക്കുകയാണ് ലോറി ഉടമ മനാഫ്.

ലോറി നീങ്ങി പുഴയിലേക്ക് പോയെങ്കിൽ പരിസരത്ത് നിന്ന് തടി കഷ്ണങ്ങൾ കണ്ടുകിട്ടില്ലേയെന്ന് മനാഫ് ചോദിച്ചു. 40 ടൺ മരമാണ് ലോറിയിൽ ഉള്ളത്. ഏകേദശം 400 ൽ ഏറെ തടികഷ്ണങ്ങൾ. മണ്ണിടിച്ചിലിന്റെ ശക്തിയിൽ ലോറി തെന്നിപ്പോയെങ്കിൽ തീർച്ചയായും ലോറി പല തവണ ലോറി മറിയാൻ സാധ്യതയുണ്ട്. അപ്പോൾ തടികഷ്ണങ്ങൾ തെറിച്ച് പോയേനെ. അങ്ങനെയെങ്കിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തോ പുഴയുടെ പരിസരത്തോ എങ്കിലും മരക്ഷണങ്ങൾ കാണില്ലേ. ഇത് മനസിലാക്കാൻ വലിയ എഞ്ചിനിയറിങ് ബുദ്ധി ആവശ്യമില്ല.സാമാന്യ ബോധം മാത്രം മതി', മനാഫ് പറഞ്ഞു. പരിസരത്ത് ഒരിടത്ത് പോലും തടിയൊന്നും കണ്ടെത്താനായിട്ടില്ലെന്നും മനാഫ് വ്യക്തമാക്കി.


ലോറി നിർത്തിയിട്ട ഭാഗത്ത് നിന്ന് തള്ളി പോയെങ്കിൽ ചായക്കട ഉണ്ടായിരുന്ന സ്ഥാലത്തായിരിക്കും ലോറി എത്തിയിട്ടുണ്ടാകുക. റഡാറിൽ കാണിച്ച സ്ഥലത്ത് തന്നെയായിരിക്കും ലോറി ഉണ്ടാകാൻ സാധ്യതയെന്നും മനാഫ് പറഞ്ഞു. ആ ഭാഗത്ത് ഇനിയും മണ്ണ് എടുക്കാനുണ്ട്. ആ മണ്ണ് കൂടി നീക്കിയാൽ ലോറി അതിനുള്ളിൽ തന്നെ കാണാനാകുമെന്നും മനാഫ് പ്രതീക്ഷ പങ്കുവെച്ചു.

ലോറി പുഴയിലേക്ക് നീങ്ങിയെങ്കിൽ എങ്ങനെയാണ് അർജുന്റെ ഫോൺ ദിവസങ്ങൾക്ക് ശേഷം റിങ് ചെയ്തത് എന്നാണ് രക്ഷാപ്രവർത്തകനായ രഞ്ജിത്ത് ഇസ്രായേലി ചോദിക്കുന്നത്. വെള്ളത്തിൽ നിന്നും ഫോൺ ഓണാകില്ലെന്നും രഞ്ജിത്ത് പറയുന്നു. അതുകൊണ്ട് റഡാർ കാണിച്ച സ്ഥലത്ത് മണ്ണ് നീക്കൽ ഊർജിതമാക്കണമന്നാണ് മനാഫും രഞ്ജിത്തും പറയുന്നത്. ഇപ്പോൾ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകാൻ തങ്ങൾക്കും സാധിച്ചുവെന്നും ഇരുവരും അറിയിച്ചു.

അതേസമയം കരയിൽ പരിശോധന തുടരാൻ തന്നെയാണ് സൈന്യം തീരുമാനിച്ചിരിക്കുന്നത്. ലോറി കണ്ടെത്തുന്നത് വരെ ഇവിടെ തിരച്ചിൽ തുടരം. കണ്ടെത്താനായില്ലെങ്കിൽ ഗംഗാവലി പുഴയിലേക്ക് ഇടിഞ്ഞുതാണ് കിടക്കുന്ന മണ്ണ് മാറ്റിയും പരിശോധന നടക്കും. ഇന്ന് ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ സംവിധാനങ്ങൾ അടക്കം ഉപയോഗിച്ചായിരിക്കും പരിശോധന.

Post a Comment

Previous Post Next Post
Join Our Whats App Group