Join News @ Iritty Whats App Group

എംവിഡിയുടെ പേരിൽ വ്യാജ സന്ദേശം; പിഴയടക്കാൻ ശ്രമിച്ച ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് നഷ്‌ടമായത് അരലക്ഷം രൂപ

കോഴിക്കോട്: മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വ്യാജ സന്ദേശം അയച്ച് പണം തട്ടിയെടുക്കുന്ന സംഭവങ്ങൾ പതിവാകുന്നു. എംവിഡിയുടെ പേരിൽ വന്ന സന്ദേശം ക്ലിക്ക് ചെയ്‌ത കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ യുവതിക്ക് ഏകദേശം അരലക്ഷത്തോളം രൂപയാണ് നഷ്‌ടമായത്. സമാനമായ സംഭവങ്ങൾ നേരത്തെയും ഉണ്ടായതായാണ് സൂചന. ഇതോടെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ.

അമിത വേഗത്തിൽ വാഹനം ഓടിച്ചെന്ന് കാട്ടിയാണ് കോഴിക്കോട് ആർടിഒയുടെ പേരിൽ ബാങ്കുദ്യോഗസ്ഥയായ യുവതിക്ക് വ്യാജ സന്ദേശം വന്നത്. ചെല്ലാൻ നമ്പറും വാഹന നമ്പറും ഒക്കെയായി വിശ്വസനീയമായിരുന്നു ഈ സന്ദേശം. വാട്‍സ് ആപ്പിലൂടെയായിരുന്നു സന്ദേശം വന്നത്. എപികെ ഫയലിന് ഒപ്പമായിരുന്നു സന്ദേശം വന്നത്.


ഇതിന് പിന്നാലെ യുവതി ഇത് തുറന്ന് പിഴയടക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ തുറന്നയുടൻ അക്കൗണ്ടിൽ നിന്ന് പണം നഷ്‌ടമാവുകയായിരുന്നു. 47000 രൂപയാണ് ഈ ഒരൊറ്റ ക്ലിക്കിൽ അവർക്ക് നഷ്‌ടമായത്. മറ്റ് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച നമ്പറുകളിലേക്കും ഒടിപി വന്നെങ്കിലും അവയിൽ പണം ഇല്ലാത്തത് കൊണ്ട് കൂടുതൽ നഷ്‌ടം ഒഴിവായി.

തുടർന്നാണ് യുവതി പോലീസിനെ സമീപിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറയുന്നു. ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ കൂടുതൽ ശക്തമാവുന്നതിന്റെ സൂചനയാണ് സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്ന ഇത്തരം സംഭവങ്ങൾ എന്നാണ് വിലയിരുത്തൽ. കേസിൽ അന്വേഷണം കാര്യക്ഷമമല്ലെന്ന വിമർശനവും ഉയരുന്നുണ്ട്.

അതേസമയം, ദൂരദേശങ്ങളിൽ നിന്ന് പോലും ആളുകളുടെ പണം തട്ടാനുള്ള വഴികളാണ് ഈ സംഘങ്ങൾ ഇപ്പോൾ പയറ്റുന്നത്. അതിന്റെ ഭാഗമായാണ് എംവിഡിയുടെ പേരിലുള്ള വ്യജ സന്ദേശം ഉൾപ്പെടെ അയക്കുന്നത്. എപികെ ഫയലിൽ ക്ലിക്ക് ചെയ്‌തപ്പോഴാണ്‌ യുവതിയും പണം നഷ്‌ടമായത്. അങ്ങനെ ക്ലിക്ക് ചെയ്യുമ്പോൾ ഇവരുടെ വിവരങ്ങൾ തട്ടിപ്പുകാരുടെ കൈവശം ലഭിക്കും.

എന്നാൽ ഇത്തരം തട്ടിപ്പുകാരുടെ വലയിൽ വീഴരുതെന്നാണ് മോട്ടോർ വാഹന വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഒന്ന് എംവിഡി ഗതാഗത നിയമ ലംഘനത്തിന് വാട്‌സ് ആപ്പ് വഴി സന്ദേശം അയക്കാറില്ല എന്നതാണ്. രജിസ്‌റ്റർ ചെയ്‌ത മൊബൈൽ നമ്പറിലേക്ക് മാത്രമായിരിക്കും സന്ദേശം വരിക. കേന്ദ്ര ഉപരിതല റോഡ് ഗതാഗത മന്ത്രാലയത്തിൽ നിന്നാവും ഈ സന്ദേശമെത്തുക.

Post a Comment

Previous Post Next Post
Join Our Whats App Group