Join News @ Iritty Whats App Group

മണ്ണിടിച്ചിൽ വ്യാപകം;അപകടാവസ്ഥ നിലനിൽക്കുന്ന പാൽച്ചുരത്തിൽ ഒരാഴ്ചത്തേക്ക് വാഹനങ്ങക്ക് നിയന്ത്രണം


കൊട്ടിയൂർ: വ്യാപകമായി മണ്ണിടിച്ചിൽ തുടരുന്ന കൊട്ടിയൂർ - വയനാട് പാൽച്ചുരം പാതയിൽ ഭാരവാഹനങ്ങൾക്ക് ഒരാഴ്ചത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ. അതീവ ഗുരുതരാവസ്ഥയിലായ പാതയിൽ രാത്രികാല യാത്രയും ഭാരവാഹനങ്ങൾ കടന്നു പോകുന്നതുമാണ് ഒരാഴ്ചത്തേക്ക് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡപ്യൂട്ടി കളക്ടർ നിരോധിച്ചത്. 
 
ചുരത്തിലെ വീതികുറഞ്ഞ ചെകുത്താൻ തോടിന് സമീപമാണ് പാറയിടിഞ്ഞ് റോഡിലേക്ക് പതിച്ചത്. ഇടിഞ്ഞ് വീണ പാറകൾ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ജനപ്രതിനിധികളുടെ നേതൃത്യത്തിൽ വശത്തേക്ക് മാറ്റിയാണ് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചത്. ചുരം പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ മണ്ണിടിച്ചിൽ ഭീഷണി തുടരുകയാണ്. ബുധനാഴ്ച ചുരത്തിലെ ഒന്നാം വളവിന് താഴ്ഭാഗത്തായി രണ്ട് തവണ മണ്ണിടിച്ചിലുണ്ടായി. മണ്ണും കല്ലും മരവുമുൾപ്പെടെ റോഡിലേക്ക് വീണ് ഗതാഗതം പൂർണമായും തടസപ്പെട്ട നിലയിലായിരുന്നു. ഫയർഫോഴ്‌സും, പൊതുമരാമത്ത് അധികൃതരും, നാട്ടുകാരും പോലീസും, പഞ്ചായത്ത് അധികൃതരും ചേർന്ന് മണ്ണ് നീക്കി ഗതാഗത യോഗ്യമാക്കി. മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് മണിക്കൂറുകൾ നീണ്ട ശ്രമത്തിലൂടെയാണ് മണ്ണിടിഞ്ഞ പാതയിലെ തടസ്സം നീക്കാനായത്. എന്നാൽ കനത്ത മഴ തുടരുന്നതിനാൽ വീണ്ടും മണ്ണിടിച്ചിൽ, പാറയിടിച്ചിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതായി പ്രദേശവാസികൾ പറയുന്നു.
 
കനത്ത മഴയുള്ളപ്പോൾ പാതയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും പോകുന്നവർ കനത്ത ജാഗ്രത പുലർത്തണമെന്നുമാണ് അധികൃതരുടെ നിർദ്ദേശം. അപകട ഭീതി ഒഴിയുന്നതുവരെ ഈ പാത ഒഴിവാക്കി നിടുംപൊയിൽ പാത ഉപയോഗിക്കണമെന്നാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group