കോഴിക്കോട്: രണ്ടുദിനം നീണ്ട നാടകങ്ങള്‍ക്കൊടുവില്‍ തിരുവമ്പാടിയിലെ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം പുനഃസ്ഥാപിച്ചു. കോഴിക്കോട് ജില്ലാകലക്ടര്‍ സ്‌നേഹില്‍ കുമാറിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണു കഴിഞ്ഞ രാത്രി എട്ടരയോടെ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെത്തി വൈദ്യുത ബന്ധം പുനഃസ്ഥാപിച്ചത്. ഇത് പോരാട്ടത്തിന്റെ വിജയമെന്ന് റസാഖ് പ്രതികരിച്ചു.
ബില്ലടയ്ക്കാത്തതിനെത്തുടര്‍ന്ന് റസാഖിന്റെ വീട്ടിലെ വൈദ്യുതിബന്ധം വിച്‌ഛേദിച്ചിരുന്നു. തുടര്‍ന്ന് ഓണ്‍ലൈനായി ബില്ലടച്ചിട്ടും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചില്ല. കെ.എസ്.ഇ.ബി. ഓഫീസ് റസാഖിന്റെ മകന്‍ അജ്മല്‍ ആക്രമിച്ചുവെന്നതുകാട്ടിയാണു കെ.എസ്.ഇ.ബി. നിഷേധാത്മക നിലപാട് സ്വീകരിച്ചത്. കെ.എസ്.ഇ.ബി. മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകറിന്റെ ഉത്തരവിനെത്തുടര്‍ന്നാണു വീട്ടിലെ വൈദ്യുതി ബന്ധം ബോര്‍ഡ് വിച്‌ഛേദിച്ചതെന്നായിരുന്നു വാദം.
ബോര്‍ഡിന്റെ നടപടി വന്‍വിവാദമായയെങ്കിലും ഉദ്യോഗസ്ഥരെ ന്യായീകരിക്കുന്ന നിലപാടാണ് വൈദ്യുതി മന്ത്രിയടക്കമുള്ളവര്‍ കൈക്കൊണ്ടത്. ആക്രമിക്കില്ലെന്ന ഉറപ്പ് ലഭിച്ചാല്‍ വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കാമെന്നായിരുന്നു വൈദ്യുതിമന്ത്രി ഇന്നലെ വ്യക്തമാക്കിയത്. തുടര്‍ന്ന് തഹസീല്‍ദാരടക്കമുള്ളവര്‍ സത്യവാങ്മൂലവുമായി റസാഖിന്റെ വീട്ടിലെത്തിയെങ്കിലും ഒപ്പിട്ടു നല്‍കാന്‍ വീട്ടുകാര്‍ തയാറായില്ല.
കെ.എസ്.ഇ.ബി ഓഫീസ് ആക്രമിച്ചതില്‍ ഖേദിക്കുന്നുവെന്നതടക്കമുള്ള വരികള്‍ ചേര്‍ത്തിരിക്കുന്നതിനാല്‍ ഒപ്പിടാനാവില്ലെന്ന നിലപാടാണ് വീട്ടുകാര്‍ കൈക്കൊണ്ടത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ തിരികെപ്പോയി. എന്നാല്‍ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയതോടെ രാത്രി എട്ടരയോടെ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെത്തി വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു.
വൈദ്യുതിബന്ധം വിച്‌ഛേദിച്ച നടപടിയില്‍ കെ.എസ്.ഇ.ബിക്കെതിരേ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്ത് അനേ്വഷണത്തിന് ഉത്തരവിട്ടു. കെ.എസ്.ഇ.ബി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പരാതി പരിശോധിച്ച് ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആക്ടിങ് ചെയര്‍പഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് നിര്‍ദേശിച്ചു.
കെ.എസ്.ഇ.ബി ജീവനക്കാര്‍ക്കെതിരേ അജ്മലിന്റെ കുടുംബം തിരുവമ്പാടി പോലീസില്‍ നല്‍ികിയ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. വീട്ടിലെത്തിയ കെ.എസ്.ഇ.ബി ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയെന്നും ലൈന്‍മാന്‍ മര്‍ദിച്ചെന്നുമാണ് അജ്മലിന്റെ അമ്മ മറിയത്തിന്റെ പരാതിയിലുള്ളത്. റസാഖിന്റെ പേരില്‍ 11 വൈദ്യുതി കണക്ഷനുകളാണ് ഉള്ളത്.
അതില്‍ പത്തെണ്ണം കൊമേഷ്യല്‍ കണക്ഷനാണ്. സ്ഥിരമായി വൈദ്യുതി ബില്‍ അടയ്ക്കാതിരിക്കുന്ന സാഹചര്യത്തില്‍ ഡിസ്‌കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്കുതര്‍ക്കവും ഭീഷണിയും പതിവാണെന്ന് കെ.എസ്.ഇ.ബി. ആരോപിക്കുന്നു. ജീവനക്കാരെ അക്രമിച്ചതിനും ഓഫീസ് അടിച്ച് തകര്‍ത്തതിനും റസാഖിന്റെ മകന്‍ അജ്മല്‍, സുഹൃത്ത് ഷഹദാദ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
Post a Comment