Join News @ Iritty Whats App Group

പുതിയ നിയമങ്ങളെക്കുറിച്ച് സംസ്ഥാന പോലീസിനു ശരിയായ പരിശീലനം നല്‍കിയിട്ടില്ലെന്നു പരാതി

തിരുവനന്തപുരം: ഇന്ത്യന്‍ പീനല്‍ കോഡ് (ഐ.പിസി.) ഇന്നു ഭാരതീയ ന്യായസംഹിത (ബി.എന്‍.എസ്) എന്ന നിയമത്തിനായി വഴിമാറുമ്പോള്‍ കേരളത്തിലെ പോലീസുകാരുടെ നെഞ്ചിടിപ്പ് വര്‍ധിക്കുന്നു. പുതിയ വകുപ്പുകളെക്കുറിച്ചു വ്യക്തമായ ധാരണകളില്ലാതെ വന്നാല്‍ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം താളം തെറ്റും. പ്രതികള്‍ കേസുകളില്‍നിന്ന് ഉൗരിപ്പോകും. വീഴ്ചകള്‍ വന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ താഴെത്തട്ടിലുള്ളവര്‍ക്കുമേല്‍ ഉത്തരവാദിത്വം കെട്ടിവയ്ക്കുമെന്നും സേനയില്‍ ആശങ്കയുണ്ട്. കേന്ദ്രസര്‍ക്കാര്‍ പരിഷ്‌കരണം പ്രഖ്യാപിച്ച സമയം മുതല്‍ പരിശീലനം നല്‍കിയിരുന്നെങ്കില്‍ പോലീസുകാര്‍ക്കു പുതിയ സാഹചര്യം നന്നായി കൈകാര്യചെയ്യാന്‍ കഴിയുമായിരുന്നു.

സംസ്ഥാന പോലീസ് മേധാവി മുതല്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ വരെയുള്ളവര്‍ക്ക് മൂന്ന് ദിവസത്തെ നിര്‍ബന്ധ പരിശീലനം നല്‍കിയിരുന്നു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ മാസ്റ്റര്‍ ട്രെയിനര്‍മാരെ തെരഞ്ഞെടുത്തു കൊണ്ടായിരുന്നു പരിശീലനം. വകുപ്പുകള്‍ നേരാംവണ്ണം മനസിലാക്കിയില്ലെങ്കില്‍ തിരിച്ചടിയാകും. വകുപ്പു മാറിയാല്‍ ശിക്ഷയും മാറും. ഇന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ക്കാണു പുതിയ മാറ്റം ബാധകമാവുക.

160 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ പീനല്‍ കോഡാ(ഐ.പിസി.)ണ് ഇന്നു മുതല്‍ ഭാരതീയ ന്യായസംഹിത (ബി.എന്‍.എസ്) എന്ന നിയമത്തിനായി വഴിമാറുന്നത്. സമഗ്രമായ മാറ്റങ്ങളാണ് ക്രിമിനല്‍ നിയമത്തില്‍ വരുന്നത്. ഐ.പി.സിക്കു പുറമേ സി.ആര്‍.പി.സി. ഇനി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത(ബി.എന്‍.എസ്.എസ്.)ആയും എവിഡന്‍സ് ആക്ട്(തെളിവു നിയമം) ഭാരതീയ സാക്ഷ്യ അഥീനിയം(ബി.എസ്.എ.) എന്നായും മാറും. അതേസമയം, ഇതൊന്നും പഠിക്കാനോ പരിചയപ്പെടാനോ ഉള്ള അവസരം കേരളാ പോലീസിന് ഇനിയും കിട്ടിയിട്ടില്ല. പരിശീലന കാലയളവില്‍ വലിയ വീഴ്ചയുണ്ടായെന്നും സേനയ്ക്കുള്ളില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

ഇന്നു മുതല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി ചെന്നാല്‍ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യില്ല. കേസെടുക്കാന്‍ 14 ദിവസം പോലീസിനു സാവകാശം ലഭിക്കും. പരാതി അന്വേഷിച്ച് കഴമ്പുണ്ടെങ്കില്‍ കേസ് എടുക്കും. അല്ലെങ്കില്‍ തള്ളും. തള്ളുന്ന കേസുകളില്‍ പരാതിക്കാരന്‍ കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് നേടിയാല്‍ മാത്രമേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യൂ. അനാവശ്യ പരാതികള്‍ ഒഴിവാക്കുകയാണു ലക്ഷ്യം.

കേസ് അനേ്വഷണവും കുറ്റപത്രം സമര്‍പ്പിക്കലും വിചാരണയുമെല്ലാം അടിമുടി മാറും. പുതിയ നിയമത്തെക്കുറിച്ച് വ്യക്തമായ അവബോധം ഓരോ പോലീസുകാരനും അനിവാര്യമാണ്. എന്നാല്‍ ഇക്കാര്യം പോലീസുകാര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ ആഭ്യന്തര വകുപ്പിനും സംവിധാനങ്ങള്‍ക്കും കഴിഞ്ഞിട്ടില്ലെന്നു പരാതിയുണ്ട്. മാറ്റം സംബന്ധിച്ച പഠനക്ലാസുകള്‍ പോലും പൂര്‍ത്തിയായിട്ടില്ല. അതുകൊണ്ട് തന്നെ ഇന്നു മുതല്‍ പുതിയ നിയമങ്ങള്‍ അനുസരിച്ചുള്ള തെളിവ് ശേഖരിക്കലും അനേ്വഷണവുമെല്ലാം കേരളത്തിലെ സേനയ്ക്ക് കീറാമുട്ടിയായി മാറും. നിയമ മാറ്റത്തിന്റെ തിയതി നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതാണ്. എന്നിട്ടും വേണ്ട രീതിയില്‍ മുന്നൊരുക്കമൊന്നും നടത്തിയില്ലെന്നാണു വിമര്‍ശനം.

തെരഞ്ഞെടുപ്പ് തിരക്കുകളാണ് ഇതിന് കാരണമായി സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കേന്ദ്രത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്നും പുതിയ പരിഷ്‌കാരങ്ങള്‍ അസാധുവാകുമെന്നുമുള്ള ധാരണയിലാണു നടപടികള്‍ വൈകിപ്പിച്ചതെന്നും ആക്ഷേപമുണ്ട്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതു മുതല്‍ ശിക്ഷാവിധി പ്രഖ്യാപിക്കുന്നതുവരെയുള്ള നടപടികള്‍ പുതിയ നിയമാവലിയുടെ അടിസ്ഥാനത്തിലാകും. പഴയ ഐ.പി.സിയില്‍ 511 വകുപ്പുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ ബി.എന്‍.എസില്‍ 358 വകുപ്പുകളിലേക്ക് ചുരുങ്ങി. ശിക്ഷകളുടെ കൂട്ടത്തില്‍ സാമൂഹിക സേവനമെന്ന പുതിയ വകുപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group