കാസര്‍കോട്: ഒരു വര്‍ഷം മുൻപ് കാണാതായ 29 വയസുള്ള മകനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് കാസര്‍കോട് ബന്തിയോട് സ്വദേശി മഹമൂദ്. രാവിലെ തട്ടുകട തുറക്കാനായി പോയ മകന്‍ പിന്നെ തിരിച്ച് വന്നിട്ടില്ലെന്ന് പിതാവ് പറയുന്നു.
മകനെ കാണാതായ പരാതിയുമായി ഓഫീസുകള്‍ കയറി ഇറങ്ങുകയാണ് കാസര്‍കോട് ബന്തിയോട് അട്ക്ക സ്വദേശി മഹമൂദ്. 2023 ഏപ്രില്‍ ഏഴിനാണ് മകന്‍ നിസാറിനെ കാണാതാവുന്നത്. ജന്മനാ ഒരു കണ്ണിന് കാഴ്ച ശക്തിയും ഒരു ചെവിക്ക് കേള്‍വി ശക്തിയുമില്ലാത്തയാളാണ് നിസാര്‍. പതിവ് പോലെ അട്ക്കത്തുള്ള തട്ട് കട തുറക്കാന‍് പോയതാണ് മകനെന്ന് മഹമൂദ് പറയുന്നു. പക്ഷേ തിരിച്ച് വന്നില്ല.
കുമ്പള പൊലീസ് സ്റ്റേഷനിലടക്കം പരാതി നല്‍കിയെങ്കിലും ഇതുവരെ യാതൊരു വിവരവുമില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തയാളാണ് നിസാര്‍. അതുകൊണ്ട് തന്നെ ആ വഴിക്കുള്ള അന്വേഷണം സാധ്യമാകുന്നില്ലെന്നാണ് കുമ്പള പൊലീസ് അറിയിച്ചതെന്ന് മഹമൂദ് പറയുന്നു. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫിനും ജില്ലാ കളക്ടര്‍ക്കും അടക്കം പരാതി നല്‍കി കണ്ണീരോടെ കാത്തിരിക്കുകയാണ് ഈ പിതാവ്.
Post a Comment