Join News @ Iritty Whats App Group

ടിപി വധക്കേസ്: കുറ്റവാളികളുടെ അപ്പീലിൽ സുപ്രീംകോടതി നോട്ടീസ്, രാഷ്ട്രീയ കേസെന്ന് പ്രതികൾ


ദില്ലി: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കുറ്റവാളികളുടെ അപ്പീലിൽ സുപ്രീംകോടതിയുടെ നോട്ടീസ്. സംസ്ഥാന സർക്കാർ, കെ കെ രമ അടക്കമുള്ള എതിർകക്ഷികൾക്കാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഇത് രാഷ്ട്രീയ കേസാണെന്ന് പറഞ്ഞ പ്രതികൾ, അപ്പീൽ അംഗീകരിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. എതിർ ഭാഗത്തെ കേൾക്കാതെ ഇത് സാധ്യമല്ലെന്ന് അറിയിച്ചാണ് കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചത്. ആറ് ആഴ്ച്ചയ്ക്ക് ഉള്ളിൽ മറുപടി നൽകണമെന്നാണ് നിർദ്ദേശം. പ്രതികളുടെ ജാമ്യം സംബന്ധിച്ചുള്ള ആവശ്യത്തിലും നോട്ടീസ് അയച്ചിട്ടുണ്ട്.

ശിക്ഷയിളവ് ആവശ്യപ്പെട്ട് ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികളാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേസിലെ ആദ്യ ആറ് പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവർ ഇരട്ട ജീവപര്യന്തത്തിന് വിധിക്കപ്പെട്ടവരാണ്. 12 വർഷമായി ജയിലിലാണെന്നും ശിക്ഷയിളവ് ചെയ്ത് ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം. കേസിൽ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവും കെ കെ കൃഷ്ണനും ശിക്ഷായിളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നെങ്കിലും ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതിശ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group