Join News @ Iritty Whats App Group

അര്‍ജുനായി കേരളം ഒന്നിക്കുന്നു; രക്ഷാപ്രവര്‍ത്തനത്തിന് സ്വന്തം നിലക്കിറങ്ങി മുക്കത്തെ യുവാക്കള്‍

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ ഭാഗമാകാന്‍ കോഴിക്കോട്ട് നിന്നുള്ള സംഘവും. രക്ഷാപ്രവര്‍ത്തനത്തിന് ഔദ്യോഗികമായി അനുമതി ലഭിച്ചിട്ടില്ലെങ്കിലും സ്വന്തം നിലക്ക് എന്തെങ്കിലും ചെയ്യാനാകും എന്ന പ്രതീക്ഷയിലാണ് മുക്കത്തെ സന്നദ്ധ സംഘടനയില്‍ നിന്നുള്ള 18 പേര്‍ യാത്ര തിരിച്ചിരിക്കുന്നത് എന്ന് സംഘാംഗത്തിലുള്ള മുക്കം സ്വദേശി സൈനുല്‍ ആബിദ് വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു.



എന്റെ മുക്കം, പുല്‍പ്പറമ്പ് രക്ഷാസേന, കര്‍മ്മ ഓമശ്ശേരി എന്നീ സംഘടനയില്‍ ഉള്ളവരാണ് രക്ഷാപ്രവര്‍ത്തനത്തിനായി ബസില്‍ ഷിരൂരിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. നിലവില്‍ ഉഡുപ്പി പിന്നിട്ടിട്ടുണ്ട്. 'ഞങ്ങള്‍ 18 പേരാണ് ഉള്ളത്. എന്റെ മുക്കം സംഘടനയില്‍ നിന്ന് 11 പേരും പുല്‍പ്പറമ്പ് രക്ഷാസേനയില്‍ നിന്ന് നാല് പേരും മൂന്ന് പേര്‍ കര്‍മ്മ ഓമശ്ശേരിയില്‍ നിന്നും ഉള്ളവരാണ്,' സൈനുല്‍ ആബിദ് പറഞ്ഞു.


നിലവില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുന്നതിനുള്ള അനുമതിയൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാലാണ് 18 പേരായി ചുരുങ്ങി പോയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനുമതി ലഭിച്ചിരുന്നെങ്കില്‍ 50 ഓളം ആളുകള്‍ വരാനിരുന്നതായിരുന്നു എന്നും ആബിദ് വ്യക്തമാക്കി. നുമതി ലഭിച്ചാല്‍ ബാക്കിയുള്ളവരും വരാന്‍ സന്നദ്ധരാണ് എന്നും ആബിദ് കൂട്ടിച്ചേര്‍ത്തു. നേരത്തേയും സമാനമായ രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിചയമുള്ളവരാണ് ഇവര്‍.



'മുക്കം, തിരുവമ്പാടി, കക്കാടംപൊയില്‍, ആനക്കാംപൊയില്‍, അരിപ്പാറ, പുല്ലൂരാംപാറ, പതങ്കയം തുടങ്ങിയ പാറക്കെട്ടുകളോട് കൂടിയ വെള്ളക്കെട്ടുള്ള സ്ഥലങ്ങളുണ്ട്. ഇവിടങ്ങളിലെല്ലാം എല്ലാ മഴക്കാലത്തും ആറും അഞ്ചും പേര്‍ വെള്ളത്തില്‍ ഒലിച്ച് പോകാറുണ്ട്. മിക്കവാറും എല്ലാവരും മരണപ്പെടാറുണ്ട്. ഇവരുടെ മതൃദേഹങ്ങളും മറ്റും ദിവസങ്ങള്‍ക്ക് ശേഷം പുഴയില്‍ നിന്നെടുക്കുന്നവരും ഞങ്ങളുടെ കൂടെയുണ്ട്,' ആബിദ് പറഞ്ഞു.

18 ഉം 20 ഉം ദിവസം രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട് മൃതദേഹ ഭാഗങ്ങള്‍ എടുത്ത ചരിത്രമുണ്ട് എന്നും തമിഴ്‌നാട്ടിലും കര്‍ണാടകയിലും വെള്ളത്തില്‍പ്പെട്ട് കാണാതായവര്‍ക്കായി രണ്ട് ദിവസം തിരച്ചില്‍ നടത്തിയിരുന്നു എന്നും ആബിദ് പറഞ്ഞു. പലപ്പോഴും ഫയര്‍ഫോഴ്‌സ് പോലുള്ള സേനാംഗങ്ങളെ സഹായിക്കാനായി സെക്കന്റ് ടീമായി ഇറങ്ങിയിട്ടുള്ളവരാണ് ഇവര്‍. സ്‌കൂബ ട്രെയിനിംഗ് നടത്തുന്നവരും പരിശീലനം ലഭിച്ചവരും തങ്ങള്‍ക്കൊപ്പമുണ്ട് എന്നും ആബിദ് വ്യക്തമാക്കി.



ബോട്ടും സ്‌കൂബ സജ്ജീകരണങ്ങളുമായാണ് സംഘം ഷിരൂര്‍ ലക്ഷ്യമാക്കി സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. അനുമതി ലഭിക്കാതിരുന്നിട്ടും പോകുന്നത് നിലവില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഉള്ളവര്‍ക്ക് ഭക്ഷണം കിട്ടാത്ത സാഹചര്യമുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ട ഭക്ഷണമെങ്കിലും ഉണ്ടാക്കി നല്‍കാം എന്ന് കരുതിയാണ് എന്നും അതിന് വേണ്ട സ്റ്റൗ, പാത്രങ്ങള്‍ എന്നിവയെല്ലാം കരുതിയിട്ടുണ്ട് എന്നും ആബിദ് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group