Join News @ Iritty Whats App Group

സ്വര്‍ണവിലയില്‍ വന്‍ മാറ്റം വരുന്നു; ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ മഞ്ഞലോഹം വാങ്ങാം, ആഴ്ചകള്‍ മാത്രം

കൊച്ചി: ഏറ്റവും ആകര്‍ഷണമുള്ള ലോഹമാണ് സ്വര്‍ണം. എത്ര വില കൂടിയാലും വാങ്ങാന്‍ തോന്നുന്ന മഞ്ഞലോഹം. മലയാളിയുടെ എല്ലാ ആഘോഷങ്ങളിലും സ്വര്‍ണത്തിന് നിര്‍ണായക പങ്കുണ്ട്. എന്നാല്‍, സ്വര്‍ണം വാങ്ങാന്‍ തയ്യാറാകുമ്പോഴാണ് വിലയിലെ മാറ്റം അനുഭവപ്പെടുക. രാജ്യത്ത് സ്വര്‍ണത്തിന് ഏകീകൃത വിലയില്ല. കേരളത്തില്‍പോലും വ്യത്യസ്ത വില ഈടാക്കിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് അറുതി വരാന്‍ പോകുകയാണ്.

പുതിയ മാറ്റം നിലവില്‍ വന്നാല്‍ രാജ്യത്ത് എവിടെ നിന്ന് സ്വര്‍ണം വാങ്ങുമ്പോഴും ഒരുവില കൊടുത്താല്‍ മതിയാകും. അങ്കമാലിയില്‍ ചേര്‍ന്ന ജ്വല്ലറി വ്യാപര രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സമ്മേളനം ഇക്കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുത്തു. സെപ്തംബറില്‍ മുംബൈയില്‍ ചേരുന്ന അടുത്ത സമ്മേളനത്തില്‍ പുതിയ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ (എകെജിഎസ്എംഎ) സംസ്ഥാന ട്രഷറര്‍ എസ് അബ്ദുല്‍ നാസര്‍  പറഞ്ഞു. അറിയാം വരാന്‍ പോകുന്ന പുതിയ മാറ്റങ്ങള്‍...


നിലവില്‍ കേരളത്തിലും ഡല്‍ഹിയിലും മുംബൈയിലും കൊല്‍ക്കത്തയിലും സ്വര്‍ണത്തിന് ഒരേ വിലയല്ല. നേരിയ ഏറ്റക്കുറച്ചിലുകളുണ്ട്. വലിയ അളവില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഇതുകാരണം വന്‍തുക നഷ്ടമാകുകയും ചെയ്യും. ഒരേ വിലയിലേക്ക് രാജ്യത്തെ മൊത്തം സ്വര്‍ണമെത്തുമ്പോള്‍ ചൂഷണം കുറയാനും സ്വര്‍ണവിപണയില്‍ സുതാര്യത കൈവരാനും ഇടയാക്കും.


അഞ്ച് ലക്ഷത്തിലധികം സ്വര്‍ണ വ്യാപാരികള്‍ ഇന്ത്യയിലുണ്ട്. വില ഏകീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഓപണ്‍ പ്ലാറ്റ്‌ഫോമില്‍ തുടക്കം കുറിച്ചുകഴിഞ്ഞു. അങ്കമാലിയില്‍ ചേര്‍ന്ന ഓള്‍ ഇന്ത്യ ജെം ആന്റ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ സമ്മേളനത്തിലായിരുന്നു ചര്‍ച്ചകള്‍. നേരത്തെ പല സംസ്ഥാനത്തെയും സംഘടനകള്‍ ഈ ആവശ്യം മുന്നോട്ടുവച്ച അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച.

നിലവില്‍ ഓരോ സംസ്ഥാനത്തെയും സ്വര്‍ണ വ്യാപാര രംഗത്തെ പ്രമുഖ സംഘടനകള്‍ വിഷയത്തില്‍ ഉപ ചര്‍ച്ചകള്‍ നടത്തി വരികയാണ്. സെപ്തംബര്‍ 25ന് മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേരുന്ന കൗണ്‍സിലിന്റെ അടുത്ത യോഗത്തില്‍ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചേക്കും. വില ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

ചില സംസ്ഥാനങ്ങളില്‍ കേരളത്തിലേക്കാള്‍ നേരിയ തോതില്‍ ഉയര്‍ന്ന വിലയില്‍ സ്വര്‍ണം വില്‍ക്കുന്നുണ്ട്. അവരെ കൂടെ പുതിയ തീരുമാനത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ലണ്ടന്‍ ബുള്യന്‍ ജ്വല്ലേഴ്‌സ് അസോസിയേഷന്‍ നിര്‍ണയിക്കുന്ന ഔണ്‍സ് വില, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക്, മുംബൈ സ്വര്‍ണ വിപണിയിലെ വില എന്നിവ പരിശോധിച്ചാണ് കേരളത്തില്‍ പ്രതിദിന സ്വര്‍ണവില നിര്‍ണയിക്കുന്നത്.



ബാങ്ക് നിരക്ക് അടിസ്ഥാനമാക്കി സ്വര്‍ണവില നിര്‍ണയിക്കണം എന്ന ഒരു അഭിപ്രായമാണ് ജ്വല്ലറി വ്യാപാരികള്‍ക്കിടയിലുള്ളത്. അതേസമയം, മുംബൈയില്‍ നേരിട്ട് സ്വര്‍ണം ഇറക്കുന്ന വ്യാപാരികള്‍ നിര്‍ണയിക്കുന്ന വില അടിസ്ഥാനമാക്കണം എന്ന അഭിപ്രായവുമുണ്ട്. ഇക്കാര്യത്തില്‍ സമവായത്തിലെത്താനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതെന്നും അബ്ദുല്‍ നാസര്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group