Join News @ Iritty Whats App Group

തലമുറകള്‍ മുന്‍പ്, പറഞ്ഞു കേട്ട് മാത്രം ഇന്നത്തെ തലമുറക്ക് അറിവുള്ള ഒരു മഹാപ്രളയം കവർന്ന ഇരിട്ടി പഴയ പാലത്തിന്റെ ചരിത്രത്തിന്റെ ഓർമകളുമായി ഒരു ശിലാഫലകം

ഇരിട്ടി: തലമുറകള്‍ മുന്‍പ് പറഞ്ഞു കേട്ട് മാത്രം ഇന്നത്തെ തലമുറക്ക് അറിവുള്ള ഇരിട്ടി പഴയ പാലത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുകയാണ് ഒരു ശിലാഫലകം.

ഇരിട്ടി സ്വദേശിയുടെ കയ്യില്‍ ഏറെക്കാലം സൂക്ഷിച്ചുവെച്ച ഈ ചരിത്ര ശേഷിപ്പ് ഇപ്പോള്‍ തലശ്ശേരി കേരളാ റവന്യൂ റഫറന്‍സ് ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

1887 ല്‍ ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിലുള്ള മലബാര്‍ ഡിസ്ട്രിക്‌ട് ബോര്‍ഡ് പ്രസിഡന്റായിരുന്ന വില്യം ലോഗനാണ് ബ്രിട്ടീഷുകാര്‍ തന്നെ നിര്‍മ്മിച്ച തലശ്ശേരിയെ കുടകുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ ഭാഗമായി ഇരിട്ടിയിലെ ആദ്യ പാലത്തിന് ശിലയിട്ടത്. ഇരിട്ടി അയേണ്‍ ബ്രിഡ്ജ്, എറിക്റ്റഡ് ഇന്‍ 1887, ബൈ ദി മലബാര്‍ ഡിസ്ട്രിക്‌ട് ബോര്‍ഡ് ഡബ്‌ള്യു . ലോഗന്‍ പ്രസിഡന്റ് എന്നാണ് ഈ ശിലാഫലകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇരിട്ടി എന്ന സ്ഥലനാമത്തിനു തന്നെ നിദാനമായ ഇരട്ടക്കടവിനോട് ചേര്‍ന്നായിരുന്നു ബ്രിട്ടീഷുകാര്‍ ആദ്യപാലം നിര്‍മ്മിച്ചത്. കുടക് ബ്രഹ്‌മഗിരി മലനിരകളില്‍ നിന്നും ഒഴുകിയെത്തുന്ന ബാരാപ്പോള്‍ പുഴയും വയനാടന്‍ മലനിരകളില്‍ നിന്നും ഒഴുകിയെത്തുന്ന ബാവലി പുഴയും സംഗമിക്കുന്ന സ്ഥാനത്തെയാണ് പഴമക്കാര്‍ ഇരട്ടക്കടവ് എന്ന് വിളിച്ചുപോന്നത്. ഇത് ലോപിച്ചാണ് പിന്നീട് ഇരിട്ടി എന്ന സ്ഥലനാമമുണ്ടായത് എന്നാണ് പറയപ്പെടുന്നത്.

ഇപ്പോള്‍ ഇരിട്ടി പുതിയ ബസ്റ്റാന്റിലേക്ക് പോകുന്ന ബൈപ്പാസ് റോഡില്‍ നിന്നും ഇരിട്ടി മൃഗാശുപത്രിക്ക് മുന്നിലൂടെ പുഴയിലേക്കും പാലത്തിലേക്കും നീളുന്നതായിരുന്നു അന്ന് ബ്രിട്ടീഷുകാര്‍ കുടക് പാതയുടെ ഭാഗമായി നിര്‍മ്മിച്ച റോഡ്. പാലം കടന്നു നേരെ അക്കരെ എത്തുന്ന സ്ഥലത്ത് അവര്‍ അന്ന് മനോഹരമായ ഒരു റസ്റ്റ് ഹൌസും നിര്‍മ്മിച്ചു. മരങ്ങളും ഓടുകളും കൊണ്ട് നിര്‍മ്മിച്ച ആ മനോഹര നിര്‍മ്മിതി പൊളിച്ചു കളഞ്ഞാണ് കേരളാസര്‍ക്കാര്‍ ഇന്നത്തെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പുതിയ റസ്റ്റ് ഹൌസ് പണിതത്.

99 ലെ വെള്ളപ്പൊക്കം എന്ന് പഴമക്കാര്‍ വിളിക്കുന്ന 1924 ല്‍ (കൊല്ലവര്‍ഷം 1099ല്‍ ) കേരളക്കരയെയാകെ വെള്ളത്തില്‍ മുക്കിയ വെള്ളപ്പൊക്കത്തിലാണ് ഈ പാലവും തകര്‍ന്നത്. ജൂലൈ- ഓഗസ്റ്റ് മാസങ്ങളിലായി 10 ദിവസത്തിലേറെ ദിവസങ്ങള്‍ നീണ്ടുനിന്ന മഴയും വെള്ളപ്പൊക്കവും ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമായിരുന്നു.

ഇരിട്ടിയുടെ മലയോര മേഖലകളില്‍ ഉണ്ടായ ശക്തമായ മഴയില്‍ കുത്തിയൊഴുകിവന്ന മലവെള്ളപ്പാച്ചിലില്‍ ബ്രിട്ടീഷുകാര്‍ ഇരിട്ടി അയണ്‍ബ്രിഡ്ജ് എന്ന് വിളിച്ചിരുന്ന പാലം പാടേ തകര്‍ന്ന് ഒഴുകിപ്പോവുകയായിരുന്നു. ഇപ്പോഴും പുഴയില്‍ ഇതിന്റെ തൂണുകളുടെ അടിഭാഗം അടക്കമുള്ള അവശിഷ്ടങ്ങള്‍ കാണാനുണ്ട്. ഈ പാലത്തിന്റെ തകര്‍ച്ചക്ക് ശേഷമാണ് 1933 ല്‍ ബ്രിട്ടീഷുകാര്‍ വീണ്ടും ഇപ്പോള്‍ കാണുന്ന ഉരുക്കു പാലം പണിയുന്നത്.

പാലം തകര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇതിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ശിലാഫലകം ഇരിട്ടിയില്‍ അക്കാലത്തെ കമ്ബോണ്ടര്‍ സഹാദരന്മാരില്‍ രണ്ടാമനായ മാവില കുഞ്ഞിക്കണ്ണന്‍ നമ്ബ്യാര്‍ക്ക് ലഭിക്കുന്നത്. ഇരിട്ടിയില്‍ ഡോക്ടര്‍മാര്‍ ഇല്ലാതിരുന്ന 1930 കളില്‍ തലശ്ശേരിയിലെ പി. നാണു ഡോക്ടറുടെ സഹായി ആയാണ് ഇദ്ദേഹത്തിന്റെ ജ്യേഷ്ഠനും തലശ്ശേരി ഇല്ലത്ത് താഴെ സ്വദേശിയുമായ അനന്തന്‍ നമ്ബ്യാര്‍ ഇരിട്ടിയില്‍ എത്തുന്നത്. ഇരിട്ടിയിലെ ആതുരശുശ്രൂഷാ രംഗത്തിന്റെ ചരിത്രം ആരംഭിക്കുന്നതും ഇവരിലൂടെയാണ്. ഇതിനുശേഷം 1940 കളിലാണ് ഇദ്ദേഹത്തിന്റെ അനുജന്‍ കുഞ്ഞിക്കണ്ണന്‍ നമ്ബ്യാരും ഇരിട്ടിയില്‍ എത്തുന്നത്.

ഇരിട്ടിയിലെ ആദ്യത്തെ രജിസ്ട്രേഡ് ഫാര്‍മസിസ്റ്റ് ആയിരുന്ന അദ്ദേഹം ആയുര്‍വേദ ചികിത്സയിലും പ്രാവീണ്യവും നേടിയിരുന്നു. നേരമ്ബോക്കില്‍ ഇരിട്ടി പുഴയോരത്തിനു സമീപം അനന്തന്‍ നമ്ബ്യാര്‍ നിര്‍മ്മിച്ച വീട്ടില്‍ താമസിച്ചു വരുന്നതിനിടെയാണ് ഇദ്ദേഹത്തിന് പുഴക്കരയില്‍ നിന്നും വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന ഇരിട്ടി പാലത്തിന്റെ ശിലാ ഫലകം ലഭിക്കുന്നത്. ഇതിന്റെ ചരിത്ര പ്രധാന്യം അറിയാതെ ഒരു കൗതുകത്തിന് ഇതെടുത്ത് വീട്ടില്‍ കൊണ്ടുവച്ചു. ഇരിട്ടി ടൗണില്‍ ഇന്നത്തെ കൃഷ്ണാ മെഡിക്കല്‍സ് എന്ന സ്ഥാപനത്തിന്റെ സ്ഥാനത്ത് തുടങ്ങിയ മോഡേണ്‍ ക്ലിനിക്ക് എന്നസ്ഥാപനത്തിന്റെ ചവിട്ടു പടിയാക്കി ഇത് മാറ്റി.

കീഴൂരില്‍ പുതിയ വീട് എടുത്ത് താമസമാക്കിയപ്പോള്‍ ഈ ശിലാഫലകം ഈ വീട്ടിലേക്കും പിന്നീട് പായം പഞ്ചായത്തിലെ പെരുമ്ബറമ്ബ് കപ്പച്ചേരിയില്‍ പുതിയ വീടെടുത്ത് താമസമാക്കിയപ്പോള്‍ അവിടേക്കും മാറ്റി. ഇവിടെ നിന്നും 1999 ല്‍ അന്നത്തെ പായം വില്ലജ് ഓഫീസര്‍ ആയിരുന്ന കെ. ശ്രീധരന്‍ ഈ ശിലാഫലകം കാണുകയും അന്നത്തെ തലശ്ശേരി ആര്‍ ഡി ഒ ആയിരുന്ന എ.സി. മാത്യുവിനെ വിവരമറിയിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ മുന്‍കൈയില്‍ എസി.മാത്യുവിന്റെ കാറില്‍ ഈ ചരിത്രശേഷിപ്പ് തലശ്ശേരിയിലേക്കു കൊണ്ട് പോവുകയും ചെയ്തു. ഇപ്പോള്‍ തലശ്ശേരി കേരളാ റവന്യൂ റഫറന്‍സ് ലൈബ്രറിയില്‍ ശൂക്ഷിച്ചിരിക്കുകയാണ് ഈ ശിലാഫലകം. മലബാര്‍ കളക്ടറായിരുന്ന സി.എ. ഇന്നീസിന്റെ മലബാര്‍ ഗസറ്റില്‍ 1924 ലെ വെള്ളപ്പൊക്കത്തില്‍ ഇരിട്ടി പാലം തകര്‍ന്നതിനെക്കുറിച്ച്‌ രേഖപ്പെടുത്തിയിട്ടുണ്ട്. ശിലാഫലത്തിന്റെ സൂക്ഷിപ്പുകാരനായിരുന്ന കുഞ്ഞിക്കണ്ണന്‍ നമ്ബ്യാര്‍ 2002 ഫിബ്രവരി 28 ന് ഈ ലോകത്തോട് വിട പറഞ്ഞു.

source: oneindia.com

Post a Comment

Previous Post Next Post
Join Our Whats App Group