Join News @ Iritty Whats App Group

സിദ്ധികൊണ്ട് ഭേദമാക്കാമെന്ന് പറഞ്ഞ് കാന്‍സര്‍ രോഗിയെ ദത്തെടുത്തു ; മരിച്ച കുട്ടിക്ക് ബാബ ജീവന്‍ നല്‍കുമെന്ന് അനുയായികള്‍ വിശ്വസിച്ചു; മൃതദേഹം വിട്ടുകൊടുക്കാതെ അനുയായികള്‍


ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ഭോലെ ബാബ എന്ന സൂരജ് പാല്‍ ലൈംഗികാതിക്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതി. ആഗ്ര, ഇറ്റാവ, കസ്ഗഞ്ച്, ഫറൂഖാബാദ്, രാജസ്ഥാനിലെ ദൗസ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ച് ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. യു.പി. പോലീസില്‍ കോണ്‍സ്റ്റബിളായിരുന്ന ഇയാളെ ലൈംഗികാതിക്രമ പരാതിയുടെ പേരില്‍ ജോലിയില്‍നിന്നു പിരിച്ചുവിടുകയായിരുന്നെന്നും പ്രചാരണമുണ്ട്.

28 വര്‍ഷം മുമ്പായിരുന്നു ഇത്. പീഡനക്കേസില്‍ ഇയാള്‍ കുറച്ചുകാലം ജയില്‍വാസം അനുഭവിച്ചിരുന്നു. പുറത്തിറങ്ങിയതിനുപിന്നാലെയാണ് ആത്മീയ പ്രഭാഷകന്റെ കുപ്പായമണിഞ്ഞ് കളംപിടിച്ചത്. അധികംവൈകാതെ സാകാര്‍ വിശ്വ ഹരി ബാബയെന്നു പേരുമാറ്റി ജന്മനാട്ടില്‍ ആശ്രമം സ്ഥാപിച്ചു. അനുയായികളുടെ എണ്ണം അനുദിനം പെരുകുകയും പ്രസിദ്ധി യു.പിക്കു പുറത്തേക്കു വ്യാപിക്കുകയും ചെയ്തു.

കേസുകളുണ്ടെങ്കിലും ആത്മീയ പ്രബോധനത്തിലും വാഗ്്ദാനങ്ങളിലും അനുയായികളെ ആകര്‍ഷിക്കുകയും അനുഗ്രഹങ്ങള്‍ നല്‍കുന്നത് തുടരുകയുമായിരുന്നു. മക്കളില്ലാത്തതിനെത്തുടര്‍ന്ന് അര്‍ബുദബാധിതയായ പെണ്‍കുട്ടിയെ ഭോലെ ബാബ ദത്തെടുത്തു വളര്‍ത്തിയിരുന്നതായും പറയുന്നു. തന്റെ സിദ്ധികൊണ്ട് പെണ്‍കുട്ടിയുടെ അസുഖം ബാബ ഭേദമാക്കുമെന്നായിരുന്നു അവകാശവാദം. പക്ഷേ, ദത്തുപുത്രി വൈകാതെ മരിച്ചു. മൃതദേഹം സംസ്‌കരിക്കാനായി കൊണ്ടുപോയെങ്കിലും ശ്മശാനത്തിലെത്തി ബാബയുടെ അനുയായികള്‍ ബഹളംവച്ചു.

പെണ്‍കുട്ടിയെ ബാബ തിരികെ ജീവിതത്തിലേക്കു കൊണ്ടുവരുമെന്നായിരുന്നു അനുയായികളുടെ അവകാശവാദം. ബഹളം മൂര്‍ച്ഛിച്ചതോടെ പോലീസെത്തി ലാത്തിച്ചാര്‍ജ് നടത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. സംഭവത്തില്‍ ബാബയ്ക്കും അനുചരര്‍ക്കുമെതിരേ കേസെടുത്തെങ്കിലും തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയച്ചു.

സൂരജ് പാലിന്റെ ആഗ്രയിലെ വീട്ടില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ ദര്‍ശനത്തിനു പതിവായി എത്താറുണ്ടെന്നും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാസ്ഗഞ്ചിലേക്ക് താമസം മാറുന്നതിനുമുമ്പ് ഇൗ വീട് വര്‍ഷങ്ങളോളം ആശ്രമമായി ഉപയോഗിച്ചിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group