Join News @ Iritty Whats App Group

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; അനുപമ പത്മന് ജാമ്യം അനുവദിച്ച് ​ഹൈക്കോടതി

കൊല്ലം: കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതി അനുപമ പത്മന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ വാദം. 

ഇതേ ആവശ്യമുന്നയിച്ച് അനുപമ കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു കൊണ്ടായിരുന്നു അന്ന് കോടതി ജാമ്യാപേക്ഷ തള്ളിയത്. 

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു. പൊലീസിന്‍റെ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലാകുന്നത്. സാമ്പത്തിക ബാധ്യത മറികടക്കാൻ വേണ്ടിയാണ് പ്രതികൾ കുറ്റകൃത്യം നടത്തിയത്. പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.

ഒരു വർഷം നീണ്ട ആസൂത്രണത്തിനും ഒന്നരമാസത്തെ അന്വേഷണത്തിനുമൊടുവിലാണ് ഇവർ ഓയൂരിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. അമ്മ അനിതകുമാരിക്കൊപ്പം അട്ടക്കുളങ്ങര വനിത ജയിലില്‍ കഴിയുകയായിരുന്നു അനുപമ. അച്ഛൻ പത്മകുമാർ പൂജപ്പുര സെൻട്രൽ ജയിലിലാണ്. കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group