Join News @ Iritty Whats App Group

കെഎം ബഷീര്‍ കൊലപാതകക്കേസ്: ശ്രീറാം വെങ്കിട്ടരാമനെതിരേ നരഹത്യ കുറ്റം ചുമത്താന്‍ ഉത്തരവ്


തിരുവനന്തപുരം : സിറാജ് ദിനപത്രം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരേ നരഹത്യാ കുറ്റം ചുമത്താന്‍ തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി. അനില്‍കുമാര്‍ ഉത്തരവിട്ടു. തനിക്കെതിരായ പോലീസിന്റെ കുറ്റപത്രം അടിസ്ഥാനരഹിതമാണെന്ന പ്രതിയുടെ വാദം കോടതി തള്ളി.

പ്രതി വിചാരണ നേരിടണമെന്നും കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും വിചാരണ കൂടാതെ കുറ്റവിമുക്തനാക്കി വിട്ടയയ്ക്കാന്‍ അടിസ്ഥാനമില്ലെന്നും വ്യക്തമാക്കിയ കോടതി ശ്രീറാം വെങ്കിട്ടരാമന്‍ അടുത്ത മാസം 16 നു കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചുള്ള കുറ്റം ചുമത്തലിന് ഹാജരാകാനും നിര്‍ദേശിച്ചു. കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടു റിവിഷന്‍ ഹര്‍ജിയുമായി ശ്രീറാം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കനത്ത തിരിച്ചടിയായിരുന്നു ഉണ്ടായത്. ആ സാഹചര്യത്തിലാണ് പ്രതിയെ വിചാരണയ്ക്കായി തിരുവനന്തപുരത്തെ കോടതി വിളിച്ചുവരുത്തുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25നായിരുന്നു ശ്രീറാം വിചാരണ നേരിടണമെന്നു സുപ്രീം കോടതി ഉത്തരവിട്ടത്. നരഹത്യ കേസ് നിലനില്‍ക്കില്ലെന്ന വാദം സുപ്രീം കോടതി തള്ളുകയും ചെയ്തിരുന്നു. സമാനമായ നിലപാട് നേരത്തെ ഹൈക്കോടതിയും സ്വീകരിച്ചിരുന്നു. ഇതിനെതിരേയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയെ സമീപിച്ചത്. തനിക്കെതിരേ ചുമത്തിയ നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു പ്രതിയുടെ വാദം. നരഹത്യക്കുറ്റം ചുമത്താനുള്ള തെളിവില്ല എന്നതായിരുന്നു പ്രതി പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നത്.

കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടില്‍ തന്റെ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നും സാധാരണ മോട്ടോര്‍ വാഹന വകുപ്പ് നിയമപ്രകാരമുള്ള കേസ് മാത്രമാണ് ഇതെന്നുമുള്ള വാദങ്ങളും ശ്രീറാം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഉന്നയിച്ചിരുന്നു. ശ്രീറാം വെങ്കിട്ടരാമിനെതിരായ നരഹത്യക്കുറ്റം നേരത്തെ സെഷന്‍സ് കോടതി റദ്ദാക്കിയിരുന്നു.

നരഹത്യക്കുറ്റം നിലനില്‍ക്കില്ലെന്നും കൃത്യസ്ഥലത്തുനിന്ന് രക്ഷപ്പെട്ട് ഒളിവില്‍ പോകാതെ സിറാജിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചതിനാല്‍ ഉപേക്ഷയാലുള്ള മരണം സംഭവിപ്പിക്കല്‍ കുറ്റം (ഐ.പി.സി. 304 എ) നിലനില്‍ക്കുമെന്നുമായിരുന്നു സെഷന്‍സ് കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍ ഇതിനെതിരേ റിവ്യൂ ഹര്‍ജിയുമായി സര്‍ക്കാര്‍ ഹൈക്കോടതിയിലെത്തുകയായിരുന്നു.

അതേസമയം, കേസിലെ രണ്ടാം പ്രതിയായ വഫ ഫിറോസിനെ കേസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വഫ ഫിറോസ് നല്‍കിയ ഡിസ്ചാര്‍ജ് പെറ്റീഷന്‍ കോടതി അംഗീകരിച്ചു. ശ്രീറാം വെങ്കിട്ട രാമന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നായിരുന്നു നരഹത്യാക്കുറ്റം ഒഴിവാക്കി വാഹനാപകടം മാത്രമാക്കി സെഷന്‍ കോടതി വിധിച്ചത്. ഇതിനെതിരേ വലിയ പ്രതിഷേധം വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും മാധ്യമപ്രവര്‍ത്തകരുടെ സംഘടനകളില്‍നിന്നും ഉയര്‍ന്ന് വന്നിരിക്കുന്നു. ഇതേ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group