തിരുവനന്തപുരം: ക്ഷേമപെൻഷൻ ലഭിക്കാത്തതിനെതിരേ പരസ്യമായി പ്രതിഷേധിച്ചതിന്റെ പേരിൽ സിപിഎം അധിക്ഷേപിച്ച ഇരുന്നൂറേക്കർ സ്വദേശി മറിയക്കുട്ടിക്കുട്ടിക്ക് കെപിസിസി വാഗ്ദാനം ചെയ്ത വീട് ഒരുങ്ങി.
നാളെ വൈകുന്നേരം നാലിന് അടിമാലിയിലെ പുതിയ വീട്ടിൽ താക്കോൽദാന കർമം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി നിർവഹിക്കും. കെപിസിസിയുടെ ‘ആയിരം വീട് പദ്ധതി’യിൽ ഉൾപ്പെടുത്തി നിർമിക്കുന്ന 1118-ാമത്തെ വീടാണ് മറിയക്കുട്ടിയുടേതെന്നു കെപിസിസി ജനറൽ ടി.യു. രാധാകൃഷ്ണൻ പറഞ്ഞു.
കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രനെയാണ് വീടിന്റെ നിർമാണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു കെപിസിസി ചുമതലപ്പെടുത്തിയിരുന്നത്.
സ്വന്തമായി ഭൂമിയില്ലാത്തതിനാൽ മറിയക്കുട്ടിയുടെ മകളുടെ ഭർത്താവിന്റെ വീടുനിന്ന സ്ഥലത്താണ് 650 ചതുരശ്രയടി വിസ്തീർണമുള്ള വീട് നിർമിച്ചത്.
മറിയക്കുട്ടിയുടെയും കുടുംബത്തിന്റെയും ആഗ്രഹത്തിനും അഭിപ്രായത്തിനും അനുസരിച്ചാണ് വീടിന്റെ നിർമാണപ്രവൃത്തികൾ നടത്തിയതെന്നും ഇതുവരെ 12 ലക്ഷത്തോളം രൂപ വീടു നിർമാണത്തിനായി ചെലവായെന്നും വി.പി. സജീന്ദ്രൻ പറഞ്ഞു.
Post a Comment