ഉത്തര്‍പ്രദേശ് ഹത്‌റസില്‍ നടന്ന സത്സംഗത്തിന്റെ സമാപനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 107 ആയി. ഫുല്‍റായ് ഗ്രാമത്തില്‍ നടന്ന ആത്മീയ പരിപാടിക്കിടെയാണ് അപകടമുണ്ടായത്. ഒരു ലക്ഷത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അപകടത്തില്‍ മരിച്ചവരുടെ കൂട്ടത്തിലുണ്ട്.
ഇതുവരെ 27 മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി എത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മരിച്ചവരില്‍ 23 സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. യുപിയില്‍ കനത്ത ചൂടാണ് നിലവിലെ കാലാവസ്ഥ. ഇതിനിടെയാണ് പരിപാടി നടത്തിയത്.
മാനവ് മംഗള്‍ മിലന്‍ സദ്ഭാവന സമാഗം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ വലിയ തിരക്കുണ്ടായതോടെ ശ്വാസ തടസം നേരിട്ട് ജനങ്ങള്‍ കൂട്ടത്തോടെ ഓടിയതാണ് അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടുതല്‍ ആളുകള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ സംഭവ സ്ഥലത്ത് തുടരുന്നതായും പൊലീസ് അറിയിച്ചു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഉത്തര്‍പ്രദേശ് എഡിജിപി, അലിഗഢ് പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post a Comment