Join News @ Iritty Whats App Group

നിപ: മലപ്പുറത്ത് മാസ്ക് നിർബന്ധമാക്കി; 101 പേർ ഹൈറിസ്ക് പട്ടികയിൽ, 13 പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധിക്കും

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. പൊതുസ്ഥലത്ത് എല്ലാവരും മാസ്ക് ധരിക്കണമെന്നാണ് നിർദേശം. അതേസമയം വൈറസ് ബാധയെ തുടർന്ന് 14കാരൻ മരിച്ച സാഹചര്യത്തിൽ13 പേരുടെ സാമ്പിളുകൾ കൂടി ഇന്ന് പരിശോധിക്കും. 9 പേരുടേത് കോഴിക്കോടും 4 പേരുടേത് തിരുവനന്തപുരത്തുമാണ് പരിശോധിക്കുക.

മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 350 പേരാണുള്ളതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഹൈറിസ്ക് പട്ടികയിൽ 101 പേരുണ്ട്. 68 പേർ ആരോഗ്യപ്രവർത്തകരാണ്. തിരുവനന്തപുരത്തെ നാല് പേർ സമ്പർക്ക പട്ടികയിലുണ്ട്. കുട്ടി ചികിത്സക്ക് വന്ന ആശുപത്രിയിൽ ഇതേ സമയം ഇവർ വന്നിരുന്നു. മൂന്നംഗ കുടുംബവും ഡ്രൈവറുമാണുള്ളത്.

അതേസമയം മലപ്പുറം തുവ്വൂരിൽ പനിയുണ്ടായിരുന്ന യുവാവ് മരിച്ചതിന്‍റെ കാരണം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. മൃഗങ്ങളുടെ സാമ്പിളുകൾ എടുക്കുമെന്നും മരിച്ച കുട്ടിയുടെ സഹപാഠികൾക്ക് കൗൺസിലിംഗ് നൽകുമെന്നും മന്ത്രി അറിയിച്ചു. അതിനിടെ നിപ സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടെ വിശദമായ പുതിയ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയിരുന്നു. പുതിയ റൂട്ട് മാപ്പില്‍ പ്രതിപാദിച്ച സ്ഥലങ്ങളിൽ ഈ സമയങ്ങളിൽ ഉണ്ടായിരുന്നവർ ആരോഗ്യ വകുപ്പിന്‍റെ നിപ കൺട്രോൾ റൂമിൽ വിവരമറിയിക്കണമെന്നും നിർദേശമുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group