Join News @ Iritty Whats App Group

എഴുതാനും വായിക്കാനും അറിയില്ലെന്നത് വസ്തുതാ വിരുദ്ധം; അക്കാദമിക് വിഷയത്തില്‍ പിന്നോട്ടില്ലെന്ന് വി ശിവന്‍കുട്ടി


സംസ്ഥാനത്ത് പത്താം ക്ലാസ് ജയിച്ചവര്‍ക്ക് പോലും എഴുതാനും വായിക്കാനും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയെ തള്ളി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. എസ്എസ്എല്‍സി കഴിഞ്ഞവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്നത് വസ്തുതാ വിരുദ്ധമാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

സജി ചെറിയാന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ഇപ്പോള്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നതായിരുന്നു മന്ത്രിയുടെ പ്രസംഗമെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. അക്കാദമിക് മികവിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

പ്രീപ്രൈമറി തലം മുതല്‍ പാഠ്യപദ്ധതി പരിഷ്‌കരണം ഉള്‍പ്പെടെ നടപ്പിലാക്കി വരികയാണ്. അദ്ധ്യാപകര്‍ക്ക് യഥാസമയം പരിശീലനം നല്‍കി വരുന്നു. ഒന്നാം ക്ലാസ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥി അക്ഷരമാല പഠിക്കുമെന്ന് ഉറപ്പാക്കുന്ന തരത്തിലുള്ള പാഠ്യ പദ്ധതി പരിഷ്‌കരണങ്ങളാണ് നടപ്പിലാക്കി വരുന്നതെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് എസ്എസ്എല്‍സി പാസായ നല്ലൊരു ശതമാനം കുട്ടികള്‍ക്കും എഴുത്തും വായനയും അറിയില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. പണ്ടൊക്കെ എസ്എസ്എല്‍സിക്ക് 210 മാര്‍ക്ക് കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ എല്ലാവരും ജയിക്കുകയാണെന്ന് ആലപ്പുഴയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങില്‍ സംസാരിക്കവെ സജി ചെറിയാന്‍ പറഞ്ഞു.

ആരെങ്കിലും എസ്എസ്എല്‍സി തോറ്റാല്‍ സര്‍ക്കാരിന്റെ പരാജയമായി ചിത്രീകരിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തിനിറങ്ങും. അതുകൊണ്ടുതന്നെ എല്ലാവരെയും ജയിപ്പിക്കുകയാണ് സര്‍ക്കാരിന് നല്ല കാര്യമെന്നും സജി ചെറിയാന്‍ കൂട്ടിക്കിച്ചേര്‍ത്തു. ഈ പ്രവണത നല്ലതല്ലെന്ന് പറഞ്ഞ മന്ത്രി, വിദ്യാഭ്യാസ മന്ത്രി മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group