Join News @ Iritty Whats App Group

സത്യപ്രതിജ്ഞക്ക് മുന്‍പെ എന്‍ഡിഎക്ക് ആദ്യ തിരിച്ചടി; മഹാരാഷ്ട്രയില്‍ അജിതിന്റെ എന്‍സിപി പവാറിനൊപ്പം?


മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ത്യാ മുന്നണി മികച്ച വിജയം സ്വന്തമാക്കിയതിന് പിന്നാലെ എന്‍ഡിഎ ക്യാംപില്‍ അസ്വസ്ഥത പടരുന്നു. മഹാ വികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി നടത്തിയ നീക്കം ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തകര്‍ന്ന് തരിപ്പണമായേക്കും എന്നാണ് സൂചന. ശിവസനേ, എന്‍സിപി പാര്‍ട്ടികളെ പിളര്‍ത്തിയാണ് മഹാരാഷ്ട്രയില്‍ എന്‍ഡിഎ അധികാരം പിടിച്ചത്.


ശിവസേനയില്‍ നിന്ന് ഏക്‌നാഥ് ഷിന്‍ഡെയും എന്‍സിപിയില്‍ നിന്ന് അജിത് പവാറുമാണ് പാലം വലിച്ചത്. പിന്നാലെ പാര്‍ട്ടികളുടെ പേരും ചിഹ്നവും വിമതര്‍ക്ക് നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷനും കൈയയഴിച്ച് സഹായിച്ചു. എന്നാല്‍ പാര്‍ട്ടി പേരും ചിഹ്നവും നഷ്ടമായിട്ടും പൊരുതിയ ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയും ശരദ് പവാര്‍ വിഭാഗം എന്‍സിപിയും നേടിയത് തിളക്കമാര്‍ന്ന വിജയമാണ്.


ഇപ്പോഴിതാ അജിത് പവാറിനൊപ്പമുള്ള എന്‍സിപി നേതാക്കള്‍ ശരദ് പവാര്‍ ക്യാംപിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി - ശരദ്ചന്ദ്ര പവാര്‍ സ്ഥാനാര്‍ത്ഥികളായ നിലേഷ് ലങ്കെ, ബജ്രംഗ് സോനവാനെ എന്നിവര്‍ യഥാക്രമം അഹമ്മദ്നഗര്‍, ബീഡ് ലോക്സഭാ സീറ്റുകളില്‍ നിന്ന് വിജയിച്ചതിന് ശേഷമാണ് പുത്തന്‍ സംഭവവികാസങ്ങള്‍ ഉരുത്തിരിയുന്നത് എന്നത് ശ്രദ്ധേയമാണ്.

അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയുടെ ചില എംഎല്‍എമാര്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ശരദ് പവാറിന്റെ പാര്‍ട്ടിയുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നു എന്നാണ് വിവരം. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയായിരുന്നു അജിത് പവാര്‍ ക്യാംപില്‍ നിന്ന് നിലേഷ് ലങ്കെ, ബജ്രംഗ് സോനവാനെ എന്നിവര്‍ ശരദ് പവാറിനൊപ്പമെത്തിയത്.


അജിത് പവാര്‍ ക്യാമ്പിലെ 18 മുതല്‍ 19 വരെ എം എല്‍ എമാര്‍ പാര്‍ട്ടിയിലേക്ക് മടങ്ങാന്‍ താല്‍പ്പര്യപ്പെടുന്നുവെന്നാണ് ശരദ് പവാറിന്റെ ചെറുമകനും കര്‍ജത്-ജാംഖേഡ് എംഎല്‍എയുമായ രോഹിത് പവാറിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇവരെ സ്വീകരിക്കണമോ എന്ന കാര്യം പാര്‍ട്ടി ആലോചിച്ച് മാത്രമെ തീരുമാനിക്കൂ എന്നാണ് രോഹിത് പവാര്‍ പറയുന്നത്.

കാരണം പ്രയാസകരമായ സമയങ്ങളില്‍ ശരദ് പവാറിനൊപ്പം നിന്നവരെ അദ്ദേഹം ബഹുമാനിക്കുന്നു. അവര്‍ പാര്‍ട്ടിയുടെ മുന്‍ഗണനയായി തുടരും എന്ന് രോഹിത് കൂട്ടിച്ചേര്‍ത്തു. അതേസമയം, എന്‍സിപി (എസ്പി) സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീല്‍ പറയുന്നതനുസരിച്ച് തിരികെ വരുന്നവരെ തിരിച്ചെടുക്കുന്നതിനെ കുറിച്ചുള്ള അന്തിമ തീരുമാനം ശരദ് പവാറിന്റേതായിരിക്കും എന്നാണ്.

''തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ചൊവ്വാഴ്ച പുറത്തുവന്നു. ഞങ്ങളെ വിട്ടുപോയവരില്‍ ചിലര്‍ അവരുടെ തീരുമാനങ്ങള്‍ പുനപരിശോധിക്കുകയാണ്. എന്നിരുന്നാലും ഞങ്ങള്‍ അത് ഇതുവരെ ആലോചിച്ചിട്ടില്ല. ശരദ് പവാറുമായി കൂടിയാലോചിച്ച ശേഷം പാര്‍ട്ടി തീരുമാനിക്കും, പാട്ടീല്‍ പറഞ്ഞു. അജിത്തിന്റെ എന്‍സിപിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്.

അതേസമയം ശരദ് പവാര്‍ വിഭാഗം എട്ട് സീറ്റിലാണ് ജയിച്ചത്. മഹാരാഷ്ട്രയിലെ 48 മണ്ഡലങ്ങളില്‍ നാല് സീറ്റുകള്‍ മാത്രമായിരുന്നു മത്സരിക്കാനായി എന്‍സിപിക്ക് ലഭിച്ചത്. ഇതില്‍ എംഎല്‍എമാര്‍ക്കിടയില്‍ അതൃപ്തി പ്രകടമായിരുന്നതായി വൃത്തങ്ങള്‍ പറഞ്ഞു. എന്‍ഡിഎ സര്‍ക്കാരില്‍ ചേര്‍ന്നാല്‍ പാര്‍ട്ടി വളരുമെന്ന പ്രതീക്ഷയോടെയാണ് നേതാക്കള്‍ അജിത് പവാറിനെ പിന്തുണച്ചത് എന്നാണ് ഒരു മുതിര്‍ന്ന എന്‍സിപി നേതാവ് പറയുന്നത്.

ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം പിന്തുണച്ചിട്ടും, അജിത് പവാര്‍ വിഭാഗത്തിന് സ്വന്തം തട്ടകമായ ബാരാമതി ലോക്സഭാ മണ്ഡലത്തില്‍ പരാജയപ്പെട്ടു. സുപ്രിയ സുലെയ്ക്കെതിരെ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ ആണ് മത്സരിച്ചത്. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗം കഴിഞ്ഞ ജൂലൈയില്‍ ആണ് മഹാരാഷ്ട്രയിലെ മഹായുതി സഖ്യ സര്‍ക്കാരില്‍ ചേര്‍ന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group