ദില്ലി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ ദില്ലിയിൽ പുരോഗമിക്കുന്നു. അയൽരാജ്യ തലവന്മാരെ വീണ്ടും സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് നരേന്ദ്ര മോദി. റനിൽ വിക്രമസിംഗയെ ക്ഷണിച്ചെന്ന് ശ്രീലങ്കൻ സർക്കാർ വക്താവ് അറിയിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കും മോദിയുടെ ക്ഷണമുണ്ട്. അതേസമയം, ഭൂട്ടാൻ രാജാവിനോടും നേപ്പാൾ പ്രധാനമന്ത്രിയോടും മോദി ഫോണിൽ സംസാരിച്ചതായാണ് വിവരം. എന്നാൽ ഇവർക്ക് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം ഉണ്ടോയെന്ന് വ്യക്തമല്ല. വ്ലാദിമിർ പുടിനും റിഷി സുനക്കും മോദിയുമായി സംസാരിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
2014ൽ ചടങ്ങിൽ സാർക്(SAARC) നേതാക്കൾ പങ്കെടുത്തിരുന്നു. 2014ൽ പാകിസ്ഥാൻ പ്രധാനമന്ത്രിയും മാലദ്വീപ് പ്രസിഡന്റ്റുമടക്കം എല്ലാ സാർക് തലവന്മാരും ചടങ്ങിന് എത്തിയിരുന്നു. 2019ൽ ചില അയൽരാജ്യ തലവന്മാർ അടക്കം 8 രാജ്യങ്ങളിൽ നിന്ന് നേതാക്കൾ പങ്കെടുക്കുകയും ചെയ്തിരുന്നു. അതിനിടെ, ചന്ദ്രബാബു നായിഡുവുമായി തമിഴ്നാട് മുഖ്യമന്ത്രിയും ഇന്ത്യ സഖ്യകക്ഷിയുമായ എംകെ സ്റ്റാലിൻ കൂടിക്കാഴ്ച നടത്തി. ദില്ലി വിമാനത്താവളത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. വർഷങ്ങളായുള്ള സൗഹൃദം ആണെന്നായിരുന്നു കൂടിക്കാഴ്ചയെക്കുറിച്ചുള്ള സ്റ്റാലിൻ്റെ പ്രതികരണം. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ അവകാശം നായിഡു സംരക്ഷിക്കുമെന്ന് ഉറപ്പുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്കായി ദില്ലിയിൽ വാദിക്കുമെന്ന് വിശ്വാസമുണ്ടെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദിക്ക് മൂന്നാമൂഴമാണിത്. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് ചേർന്ന എൻ ഡി എ യോഗമാണ് മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചത്. നരേന്ദ്ര മോദിയെ എൻ ഡി എ യോഗം നേതാവായി നിശ്ചയിച്ചത് ഏകകണ്ഠമായാണ് നേതാക്കൾ അറിയിച്ചു. നരേന്ദ്ര മോദി സർക്കാർ രൂപികരിക്കുന്നതിനെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. ഇക്കാര്യം വ്യക്തമാക്കി ഇരുവരുടെയും പാർട്ടികളായ ജെ ഡി യുവും ടി ഡി പിയും പിന്തുണ കത്ത് നൽകുകയും ചെയ്തു. ശിവസേനയടക്കമുള്ള പാർട്ടികളും പിന്തുണക്കത്ത് നൽകി. എന്തൊക്കെ ഉപാധികളാണ് തങ്ങൾക്കുള്ളതെന്ന കാര്യത്തിൽ ജെ ഡി യുവും ടി ഡി പിയും തീരുമാനം അറിയിച്ചതായും വിവരമുണ്ട്.
കേവല ഭൂരിപക്ഷം ഉറപ്പാക്കിയതിന് പിന്നാലെ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ എൻ ഡി എ വേഗത്തിലാക്കുകയായിരുന്നു. സർക്കാർ രൂപീകരിക്കാൻ ഇന്ന് തന്നെ അവകാശവാദം ഉന്നയിക്കാനാണ് തീരുമാനം. ഘടകകക്ഷികളുടെ പിന്തുണ കത്തടക്കം കൈമാറിക്കൊണ്ട് എത്രയും വേഗം സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നാണ് രാഷ്ട്രപതിയോട് എൻഡിഎ സഖ്യം ആവശ്യപ്പെടുക.
Post a Comment