Join News @ Iritty Whats App Group

വിദ്യാഭ്യാസ രംഗത്ത് മലബാറിനോട് അവഗണന തുടരുമ്പോൾ മലബാർ സംസ്ഥാനം വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ തെറ്റുപറയാൻ കഴിയില്ല'; എസ്‌വൈഎസ് നേതാവ്

മലപ്പുറം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി തുടരുന്നതിടെ എസ്‌വൈഎസ് നേതാവ് മുസ്‌തഫ മുണ്ടുപാറയുടെ പരാമർശം വിവാദത്തിൽ. കേരളം വിഭജിക്കണമെന്ന ആവശ്യം ഉയർന്നാൽ തെറ്റ് പറയാൻ കഴിയില്ലെന്നായിരുന്നു മുസ്‌തഫ മുണ്ടുപാറ പറഞ്ഞത്. മലബാറിലെയും തെക്കൻ കേരളത്തിലെയും പ്ലസ് വൺ സീറ്റ് സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

വിദ്യാഭ്യാസ രംഗത്ത് മലബാറിനോട് ഇപ്പോഴും അവഗണന തുടരുകയാണ്. അപ്പോൾ മലബാർ സംസ്ഥാനം വേണമെന്ന് ആരെങ്കിലും ആവശ്യം ഉയർത്തിയാൽ അവരെ കുറ്റം പറയാൻ കഴിയില്ലെന്നും മുസ്‌തഫ മുണ്ടുപാറ പറഞ്ഞിരുന്നു. വടക്കൻ കേരളത്തിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു അദേഹത്തിന്റെ പ്രതികരണം.


തെക്കൻ കേരളത്തിലുള്ളവരെ പോലെ തന്നെ നികുതി പണം കൊടുക്കുന്നവരാണ് മലബാറിലുള്ളത്. അതുകൊണ്ട് തന്നെ ഇത്തരം തുല്യമായ വിഹിതവും ഇവിടെ കിട്ടിയേ തീരൂ. അങ്ങനെയില്ലെങ്കിൽ അവഗണനയുണ്ടാകുമ്പോള്‍ പലതരത്തിലുള്ള പ്രതിഷേധങ്ങൾ ഉയർന്നു വരുമെന്നും മുസ്‌തഫ മുണ്ടുപാറ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിനെ രൂക്ഷമായ ഭാഷയിൽ അദ്ദേഹം വിമർശിക്കുകയും ചെയ്‌തു.

'സർക്കാരിന്റെ ഉത്തരവാദിത്തം സർക്കാർ നിർവഹിക്കണം. അത് ലഭിക്കാതെ വരുമ്പോഴാണ് നമ്മുടെ നാട്ടിൽ ചില സമരങ്ങളൊക്കെ ഉണ്ടാവാറുള്ളത്. ചില വിഘടന വാദങ്ങളിലേക്ക് പോലും ഇത് എത്തിച്ചേരാറുണ്ട്. മലബാർ എന്നും തെക്കൻ കേരളമെന്നും രണ്ടായി ഈ അനീതി കാണുമ്പോൾ മലബാർ സംസ്ഥാനം വേണമെന്ന് ആവശ്യം ഏതെങ്കിലും ഭാഗത്ത് നിന്ന് ഉയർന്നാൽ അതിനെ തെറ്റ് പറയാൻ കഴിയില്ല' എന്നായിരുന്നു മുസ്‌തഫയുടെ പ്രസ്‌താവന.

'അതൊരു വിഘടന വാദം ആണെന്ന് പറയുന്നതിൽ അർത്ഥമില്ല. മലബാറിൽ ഒരു സംസ്ഥാനം വന്നാൽ എന്താണ് സംഭവിക്കാൻ പോവുന്നത് ? ഭരണാധികൾ നീതി പാലിക്കാൻ തയ്യാറാവാതെ വരുമ്പോഴാണ് ഒരു രാജ്യം തകരുന്നത്. ഇന്ന് മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടത്തുന്നതും ഇത് തന്നെയാണ്' മുസ്‌തഫ മുണ്ടുപാറ ചൂണ്ടിക്കാട്ടി.

സമസ്‌തയും പോഷക സംഘടനകളും സമര രംഗത്തിറങ്ങുന്നത് അപൂർവമാണ്. അതുകൊണ്ട് തന്നെ പ്ലസ് വൺ സീറ്റ് വിഷയത്തിൽ സമരത്തിന് ഇറങ്ങിയിട്ടുണ്ടെങ്കിൽ വിജയം കണ്ടേ പിന്മാറുവെന്നും മുസ്‌തഫ മുണ്ടുപാറ പറഞ്ഞു. വിഷയം ശിവൻകുട്ടി മാത്രം കൈകാര്യം ചെയ്‌താൽ പോരെന്നും മുഖ്യമന്ത്രിയും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group