Join News @ Iritty Whats App Group

സർക്കാർ ഉണ്ടാക്കില്ല, പ്രതിപക്ഷത്ത് ശക്തമാവാൻ ഇന്ത്യ സഖ്യം; 'ഭാവിയില്‍ സാധ്യതയുണ്ടെങ്കിൽ ഒന്നിച്ച് നില്‍ക്കും'


ദില്ലി: മൂന്നാം മോദി സര്‍ക്കാരിനെതിരെ ശക്തമായ പ്രതിപക്ഷമാകാന്‍ തീരുമാനിച്ച് ഇന്ത്യ സഖ്യം. ദില്ലിയില്‍ ചേര്‍ന്ന സഖ്യ കക്ഷികളുടെ യോഗം സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ വേണ്ടെന്നു വെക്കുകയായിരുന്നു. ഭരണഘടന സംരക്ഷണത്തിനൊപ്പം നില്‍ക്കാന്‍ താല്‍പര്യമുള്ള കക്ഷികള്‍ക്ക് സഖ്യത്തിലേക്ക് വരാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയത്തിനും നിലപാടിനുമുള്ള തക്ക മറുപടിയാണ് ജനം നൽകിയത്. ജനഹിതമറിഞ്ഞ് മുന്നേറും. ഭരണഘടന സംരക്ഷണത്തിനായി പോരാടുമെന്നും ഇന്ത്യ സഖ്യത്തിന്റെ യോ​ഗത്തിന് ശേഷം ഖർ​ഗേ മാധ്യമങ്ങളോട് പറഞ്ഞു. 

കേവല ഭൂരിപക്ഷമില്ലാതെ സഖ്യകക്ഷികള്‍ക്ക് പിന്നാലെ ബിജെപി കൂടിയ സാഹചര്യത്തിലാണ് ഇന്ത്യ സഖ്യവും സര്‍ക്കാര്‍ രൂപീകരണത്തില്‍ ഒരു കൈനോക്കിയാലോയെന്ന് തീരുമാനിച്ചത്. സഖ്യത്തിലെ കക്ഷികളുടെ പൊതു തീരുമാനപ്രകാരം തുടര്‍നടപടകളിലേക്ക് കടക്കാനായിരുന്നു നീക്കം. ദില്ലിയില്‍ മുപ്പത്തിമൂന്ന് പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ പക്ഷേ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടത്താന്‍ ഗൗരവമായ നിര്‍ദ്ദേശം ഉയര്‍ന്നില്ല. മറിച്ച് പ്രതിപക്ഷ നിരയില്‍ ശക്തമായ സാന്നിധ്യമാകാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് ഭാവിയില്‍ സാധ്യത തെളിഞ്ഞാല്‍ ഒന്നിച്ച് നില്‍ക്കാനും തീരുമാനിച്ചു. 

16 സീറ്റുള്ള ചന്ദ്രബാബു നായിഡുവിന്‍റെയും ടിഡിപിയേയും, 12 സീറ്റുള്ള ജെഡിയുവിനെയും ഒപ്പം നിര്‍ത്താനായിരുന്നു നീക്കം. നിതീഷ് കുമാറിന് ഉപപ്രധാനമന്ത്രി പദവും, ചന്ദ്രബാബു നായിഡുവിനെ ഒപ്പം നിര്‍ത്താന്‍ ആന്ധ്രക്ക് പ്രത്യക പാക്കേജും വാഗ്ദാനം ചെയ്തു. എന്നാല്‍ എൻഡിഎക്കൊപ്പം ഇരുവരും നിൽക്കാന്‍ തീരുമാനിച്ചതോടെ നീക്കം പാളി. സ്വതന്ത്രരെ ഒപ്പം നി‍ർത്തി പ്രാദേശിക കക്ഷികള്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ പുറത്ത് നിന്ന് പിന്തുണക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചെങ്കിലും ആ വഴിക്കും ചര്‍ച്ച അധികം നീണ്ടില്ല. പാർലമെൻ്റിൽ ശക്തമായ ശബ്ദമാകുമെന്ന് മുസ്ലിം ലീ​ഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. 

അതേസമയം, പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദിക്ക് മൂന്നാമൂഴം ഉറപ്പായി. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് ചേർന്ന എൻ ഡി എ യോഗമാണ് മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചത്. നരേന്ദ്ര മോദിയെ എൻ ഡി എ യോഗം നേതാവായി നിശ്ചയിച്ചത് ഏകകണ്ഠമായാണെന്ന് നേതാക്കൾ അറിയിച്ചു. നരേന്ദ്ര മോദി സർക്കാർ രൂപികരിക്കുന്നതിനെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. ഇക്കാര്യം വ്യക്തമാക്കി ഇരുവരുടെയും പാർട്ടികളായ ജെ ഡി യുവും ടി ഡി പിയും പിന്തുണ കത്ത് നൽകുകയും ചെയ്തു. ശിവസേനയടക്കമുള്ള പാർട്ടികളും പിന്തുണക്കത്ത് നൽകി. എന്തൊക്കെ ഉപാധികളാണ് തങ്ങൾക്കുള്ളതെന്ന കാര്യത്തിൽ ജെ ഡി യുവും ടി ഡി പിയും തീരുമാനം അറിയിച്ചതായും വിവരമുണ്ട്.

കേവല ഭൂരിപക്ഷം ഉറപ്പാക്കിയതിന് പിന്നാലെ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ എൻ ഡി എ വേഗത്തിലാക്കി. സർക്കാർ രൂപീകരിക്കാൻ ഇന്ന് തന്നെ അവകാശവാദം ഉന്നയിക്കാനാണ് തീരുമാനം. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻ ഡി എ നേതാക്കൾ ഇന്ന് രാത്രി തന്നെ രാഷ്ട്രപതിയെ കാണും. ഘടകകക്ഷികളുടെ പിന്തുണ കത്തടക്കം കൈമാറിക്കൊണ്ട് എത്രയും വേഗം സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നാകും ആവശ്യപ്പെടുക.

Post a Comment

Previous Post Next Post
Join Our Whats App Group