ഇരിട്ടി: കേരളാ- കർണ്ണാടക അതിർത്തിയിലെ കൂട്ടുപുഴയിൽ കേരളാ പോലീസിനായി പണിത പരിശോധനാ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം ഞായറാഴ്ച നടക്കും. രാവിലെ 10.30 ന് സണ്ണി ജോസഫ് എംഎൽഎ ഇതിന്റെ ഉദ്ഘാടനം നിർവഹിക്കും. കണ്ണൂർ റൂറൽ എസ്‌പി എം. ഹേമലത അധ്യക്ഷത വഹിക്കും.
സണ്ണി ജോസഫ് എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നു അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണു കൂട്ടുപുഴ പാലത്തിനു സമീപം 320 ചതുരശ്ര അടിയിൽ വരാന്ത, വിശ്രമ മുറി, ശുചിമുറി എന്നീ സൗകര്യങ്ങളോടു കൂടിയ എയ്‌ഡ് പോസ്റ്റ് കെട്ടിടം പണിതത്. സംസ്‌ഥാനാതിർത്തിയായ കൂട്ടുപുഴയിൽ പൊലീസുകാർക്ക് ചെക്ക് പോസ്‌റ്റ് കെട്ടിടം ഒരുക്കാത്ത അധികൃതരുടെ അവഗണന മാധ്യമങ്ങൾ പലതവണ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ചെക്ക് പോസ്‌റ്റ് കെട്ടിടം ഒരുക്കാൻ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ സണ്ണി ജോസഫ് എംഎൽഎ അനുവദിച്ചത്. 2 വർഷം മുൻപ് തന്നെ എംഎൽഎ ഫണ്ട് അനുവദിച്ചെങ്കിലും വിവിധ തടസ്സങ്ങൾ നേരിട്ടതോടെ ഭരണാനുമതി വൈകി. കൂട്ടുപുഴ പാലത്തിനു സമീപം പുഴ പുറമ്പോക്കിൻ്റെ ഭാഗമായ സ്‌ഥലം പായം പഞ്ചായത്ത് അനുവദിച്ചതോടെയാണു 6 മാസം മുൻപ് കെട്ടിടം പണി ആരംഭിക്കുന്നതിന് തുടക്കം കുറിച്ചത്. മോട്ടർ വാഹന വിഭാഗത്തിനും എക്സൈസിനും കൂട്ടുപുഴയിൽ ചെക്ക് പോസ്‌റ്റ് കെട്ടിടങ്ങൾ സ്വന്തമായി നേരത്തേ നിർമ്മിച്ചിരുന്നു. അതിർത്തി എന്ന നിലയിൽ വർഷം മുഴുവൻ 24 മണിക്കൂറും നക്‌സൽ വിരുദ്ധ സേനാംഗം ഉൾപ്പെടെ പൊലീസിന് ഇവിടെ പരിശോധനാ ഡ്യൂട്ടി ഉണ്ട്. കുടിവെള്ളം, ശുചിമുറി, വസ്ത്രം മാറാനുള്ള സൗകര്യം എന്നിവയൊന്നും ഇല്ലാതെയായിരുന്നു ഇവിടെ പൊലീസ് പരിശോധന നടത്തിയിരുന്നത്.
എയ്‌ഡ് പോസ്റ്റ് കെട്ടിടം മാത്രമാണു പൂർത്തീകരിച്ചെങ്കിലും വൈദ്യുതി ലഭിച്ചിട്ടില്ല. സിവിൽ പ്രവൃത്തികൾ പൂർത്തീകരിച്ച ശേഷം വൈദ്യുതീകരണ പ്രവൃത്തികൾ ടെൻഡർ ഘട്ടത്തിലാണെന്നും 15 ദിവസത്തിനകം വൈദ്യുതീകരണം നടത്തുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർ അറിയിച്ചു. വിശ്രമമുറിയിൽ എസി വയ്ക്കുന്നതു ഉൾപ്പെടെ ഉള്ള ക്രമീകരണങ്ങൾ ഇതിനു ശേഷമേ നടത്തുകയുള്ളൂ. കനത്ത മഴയിൽ ഇവിടെ ഡ്യൂട്ടിയിലുള്ള പോലീസിനുണ്ടാകുന്ന അസൗകര്യങ്ങൾ കണക്കിലെടുത്താണ് വൈദ്യുതീകരണം ഉൾപ്പെടെയുള്ള ക്രമീകരങ്ങൾ പൂർത്തിയാകുന്നതിനു മുൻപേ ഉദ്‌ഘാടനം നടത്തുന്നതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
Post a Comment