Join News @ Iritty Whats App Group

ആദ്യമായി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം ; ഇന്ത്യാ സഖ്യത്തിന് വേണ്ടി കൊടിക്കുന്നില്‍ മത്സരിക്കും


ന്യൂഡല്‍ഹി: ഇന്ത്യയുടെ പാര്‍ലമെന്റ് ചരിത്രത്തില്‍ ആദ്യത്തെ സംഭവത്തില്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം. ഇന്ത്യാ മുന്നണിക്ക് വേണ്ടി കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. സ്പീക്കറായി ഓം ബിര്‍ളയ്ക്ക് ഒരു ഊഴം കൂടി നല്‍കാന്‍ ബിജെപി തീരുമാനം എടുത്തതിന് പിന്നാലെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷിനെ കോണ്‍ഗ്രസ് തീരുമാനിച്ചത്.

ബിര്‍ളയെ സ്പീക്കറാക്കാനുള്ള തീരുമാനം നേരത്തേ ബിജെപി സഖ്യകക്ഷികളെ അറിയിച്ചിരുന്നു. സ്പീക്കര്‍ പദവി സാധാരണഗതിയില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഐക്യകണ്‌ഠ്യേനെ തെരഞ്ഞെടുക്കാറാണ് പതിവ്. നേരത്തേ ഇക്കാര്യത്തില്‍ രാജ്‌നാഥ് സിംഗും പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജുവും ഇന്ത്യാ സഖ്യത്തിലെ കക്ഷികളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ ഒരാഴെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ബിജെപി അതിന് മറുപടി നല്‍കിയില്ല. നേരത്തേ എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള പ്രോട്ടേം സ്പീക്കറായി എട്ടു തവണ പാര്‍ലമെന്റില്‍ എത്തിയ കൊടിക്കുന്നിലിനെ നിയോഗിക്കാനുള്ള നിര്‍ദേശം ബിജെപി തള്ളിയിരുന്നു. പാര്‍ലമെന്റിലെ ഏറ്റവും മുതിര്‍ന്നയാള്‍ ഈ പദവി വഹിക്കണമെന്നിരിക്കെയാണ് കൊടിക്കുന്നിലിനെ തഴഞ്ഞത്.

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തെക്കുറിച്ചുള്ള തീരുമാനം പിന്നീടുള്ള ഘട്ടത്തില്‍ എടുക്കാമെന്നാണ് ബിജെപി നല്‍കിയ സൂചനയെന്നും ഇതോടെയാണ് പ്രതിപക്ഷം തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നിലെന്നുമാണ് വിവരം. സര്‍ക്കാരിനെയും രാജ്യത്തെയും നയിക്കുന്നതിന് സമവായത്തിന്റെ ആവശ്യകത പ്രധാനമന്ത്രി നരേന്ദ്ര മോദി അടിവരയിട്ട് 24 മണിക്കൂറിന് ശേഷമാണ് ബിജെപി നേതൃത്വത്തിലുള്ള പുതിയ സഖ്യവും പ്രതിപക്ഷവും തമ്മിലുള്ള തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യമാണ്.

Post a Comment

Previous Post Next Post
Join Our Whats App Group