Join News @ Iritty Whats App Group

കൊന്നത് 49 സ്ത്രീകളെ, മൃതദേഹം പന്നികൾക്ക് ഭക്ഷണമായി നൽകി; കുപ്രസിദ്ധ സീരിയൽ കില്ലർ ജയിലിൽ കൊല്ലപ്പെട്ടു


കാനഡയെ ഞെട്ടിച്ച കുപ്രസിദ്ധ സീരിയൽ കില്ലർ റോബർട്ട് പിക്ടണ്‍ ജയിലിൽ കൊല്ലപ്പെട്ടു. 71-ാം വയസ്സിലായിരുന്നു മരണം. ക്യുബെക്കിലെ ജയിലിൽ തടവിൽ കഴിയുന്നതിനിടെയാണ് റോബർട്ട് പിക്ടണെ മറ്റൊരു തടവുകാരൻ ആക്രമിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന റോബർട്ട് പിക്ടണ്‍ മെയ് 19 ന് ക്യൂബെക്കിലെ പോർട്ട്-കാർട്ടിയർ ജയിലിൽ വച്ചാണ് ആക്രമിക്കപ്പെടുന്നത്. സംഭവത്തിൽ സഹതടവുകാരനായ 51-കാരനെ കസ്റ്റഡിയിലെടുത്തിരുന്നു. 2007ലാണ് റോബർട്ട് പിക്ടണ്‍ ശിക്ഷിക്കപ്പെട്ടത്. 25 കൊല്ലം പരോളില്ലാതെ ജീവിതാവസാനം വരെ തടവിന് ശിക്ഷിക്കുകയിരുന്നു. 26 സ്ത്രീകളെ കൊലപ്പെടുത്തിയതിനാണ് ഇയാൾക്കെതിരെ കുറ്റംചുമത്തിയിരുന്നത്.

ലോകമാകെ കുപ്രസിദ്ധി നേടിയ കൊടുംക്രിമിനലായിരുന്നു റോബർട്ട് പിക്ടൺ. 90-കളുടെ അവസാനം മുതൽ നിരവധി സ്ത്രീകളെയാണ് ഇയാൾ കൊലപ്പെടുത്തിയത്. പന്നി ഫാം നടത്തിയിരുന്ന പിക്ടണ്‍ കാനഡയിലെ വാൻക്യുവറിലുള്ള ലൈംഗിക തൊഴിലാളികളെയും മയക്കുമരുന്ന് ഉപയോഗിച്ച് തെരുവുകളിൽ കഴിയുന്ന സ്ത്രീകളെയുമാണ് ലക്ഷ്യമിട്ടിരുന്നത്. തുടർന്ന് ഇവരെ കൊലപ്പെടുത്തിയശേഷം മൃതദേഹാവശിഷ്ട‌ങ്ങൾ ഫാമിലെ പന്നികൾക്ക് ഭക്ഷണമായി നൽകുന്നതായിരുന്നു ഇയാളുടെ രീതി.

1980 നും 2001 നും ഇടയിൽ വാൻകൂവറിലെ ഡൗണ്ടൗൺ ഈസ്റ്റ്സൈഡ് പരിസരത്ത് നിന്ന് 70 ഓളം സ്ത്രീകളെയാണ് കാണാതായത്. വിവിധയിടങ്ങളിൽനിന്ന് കാണാതായ നിരവധി സ്ത്രീകൾക്കായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിക്ടണ്‍ കൊടുംക്രൂരത പുറംലോകമറിഞ്ഞത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ പന്നിഫാമിൽനിന്ന് 33-ഓളം സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കുറെയധികം തലയോട്ടികളും കാലുകളും ഉൾപ്പെടെയുള്ള മനുഷ്യാവശിഷ്ടങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു.

വിചാരണയ്ക്കിടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇരകളെ കഴുത്ത് ഞെരിച്ച് കൊല്ലുന്നതിനെക്കുറിച്ചും അവരുടെ അവശിഷ്ടങ്ങൾ പന്നികൾക്ക് നൽകുന്നതിനെക്കുറിച്ചും രഹസ്യ ഉദ്യോഗസ്ഥനോട് പറഞ്ഞതും പുറത്തുവന്നിരുന്നു. ഇയാളുടെ ഫാമിൽ നിന്ന് പന്നിയിറച്ചി വാങ്ങിയവരോട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു. പണവും മയക്കുമരുന്നും വാ​ഗ്ദാനം ചെയ്താണ് ഇയാൾ സ്ത്രീകളെ ക്ഷണിച്ചിരുന്നത്. വിചാരണ വേളയിൽ റോബർട്ട് പിക്‌ടൺ തൻ്റെ കുറ്റകൃത്യങ്ങൾ നിഷേധിച്ചു. രഹസ്യ ഉദ്യോഗസ്ഥനുമായുള്ള ടേപ്പ് സംഭാഷണത്തിൽ, താൻ ഇതിനകം 49 സ്ത്രീകളെ കൊന്നിട്ടുണ്ടെന്നും 50 ഇരകളുടെ കൊലപാതകമാണ് ലക്ഷ്യമിടുന്നതെന്നും ഇയാൾ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group