Join News @ Iritty Whats App Group

കരുവന്നൂർ കളളപ്പണക്കേസിൽ ഇഡി നിര്‍ണായക നടപടി, സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

തൃശ്ശൂർ : കരുവന്നൂർ കളളപ്പണക്കേസിൽ ഇഡിയുടെ നിര്‍ണായക നടപടി. സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്‍റെ പേരിലുളള പൊറത്തുശേരി പാർട്ടി കമ്മിറ്റി ഓഫീസിന്‍റെ സ്ഥലവും സിപിഎമ്മിന്റെ 60 ലക്ഷം രൂപയുടെ എട്ട് ബാങ്ക് അക്കൗണ്ടുകളുമടക്കമാണ് ഇഡി കണ്ടുകെട്ടിയത്. സിപിഎമ്മിനെക്കൂടി പ്രതി ചേർത്താണ് ഇഡി അന്വേഷണ സംഘം സ്വത്തുക്കൾ കണ്ടുകെട്ടിയത്. 

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്നാംഘട്ട സ്വത്തുമരവിപ്പിക്കലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന്‍റേത്. 29 കോടിയുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത്. കണ്ടുകെട്ടിയതിൽ അധികവും ബാങ്കിൽ നിന്ന് ലോണെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ സ്വത്തുക്കളാണ് . സിപിഎം തൃശൂ‍ർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്‍റെ പേരിലുളള പൊറത്തുശേരി പാ‍ർടി കമ്മിറ്റിഓഫീസിനായുളള സ്ഥലവും കണ്ടുകെട്ടിയതിൽപ്പെടുന്നു. സിപിഎമ്മിന്‍റെ എട്ട് ബാങ്ക് അക്കൗണ്ടുകളിലും ഇതിലുണ്ടായിരുന്ന അറുപത് ലക്ഷം രൂപയും മരവിപ്പിച്ചിട്ടുണ്ട്. സിപിഎമ്മിനേക്കൂടി പ്രതി സ്ഥാനത്തേക്ക് കൊണ്ടുവന്നാണ് ഇ‍ഡിയുടെ നടപടി. 

കരുവന്നൂർ കളളപ്പണ ഇടപാടിൽ സിപിഎം തൃശൂർ ജില്ലാ നേതൃത്വത്തിന്‍റെ അറിലും ഇടപാടിൽ പങ്കാളിത്തവും ഉണ്ടായിരുന്നെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് പാർടി സ്വത്തുക്കൾകൂടി മരവിപ്പിക്കുന്ന നടപടിയിലേക്ക് എൻഫോഴ്സ്മെന്‍റ് കടന്നത്. കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകൾ ഉണ്ടായിരുന്നെന്ന് എൻഫോഴ്സ്മെന്‍റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

ഇതിനിടെ കേസിൽ നേരത്തെ അറസ്റ്റിലായ സിപിഎം നേതാവ് പി ആർ ആരവിന്ദാക്ഷനെ കോടതി ഇന്ന് വീണ്ടും റിമാൻ‍ഡ് ചെയ്തു. അടുത്ത ബന്ധുവിന്‍റെ വിവാഹത്തിനായി പത്തുദിവസത്തെ ഇടക്കാല ജാമ്യം നൽകിയിരുന്നു. കാലാവധി കഴിഞ്ഞതോടെയാണ് കാക്കനാട് ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തത്.

Post a Comment

Previous Post Next Post
Join Our Whats App Group