Join News @ Iritty Whats App Group

മത്സരപ്പരീക്ഷകളില്‍ ക്രമക്കേട് നടത്തിയാല്‍ 10 വര്‍ഷം ജയില്‍; ഒരു കോടി പിഴ; സ്വത്തുക്കള്‍ കണ്ടുകെട്ടും; കൈപൊള്ളിയ കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങള്‍ പൊളിച്ചെഴുതി


പരീക്ഷ ക്രമക്കേടുകളില്‍ കൈപൊള്ളിയ കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങള്‍ പൊളിച്ചെഴുതി. മത്സരപ്പരീക്ഷകളില്‍ ക്രമക്കേടു കാണിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കി പുതിയ നിയമങ്ങള്‍ പുറത്തിറക്കി. പരീക്ഷയില ക്രമക്കേട് നടത്തിയാല്‍ 10 വര്‍ഷം വരെ ജയില്‍ശിക്ഷയും ഒരു കോടി രൂപ വരെ പിഴയും ലഭിക്കുന്ന പൊതുപരീക്ഷാ നിയമം ഇന്നലെ പ്രാബല്യത്തിലായെന്ന് കേന്ദ്രം വ്യക്തമാക്കി.

ഫെബ്രുവരിയില്‍ ബില്‍ പാസായിട്ടും നിയമം പ്രാബല്യത്തില്‍ വരാത്തതു നീറ്റ് പരീക്ഷാക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ആള്‍മാറാട്ടം, ഉത്തരക്കടലാസ് തിരിമറി, രേഖകളിലെ തിരിമറി, റാങ്ക് ലിസ്റ്റ് അട്ടിമറി എന്നിവ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളായിരിക്കും.

മത്സരപ്പരീക്ഷകളിലെ സുരക്ഷാചട്ടങ്ങളുടെ ലംഘനം, സീറ്റിങ് അറേഞ്ച്‌മെന്റിലെ ക്രമക്കേട്, കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ചട്ടങ്ങളുടെ ലംഘനം എന്നിവയും കുറ്റങ്ങളായി നിര്‍വചിക്കുന്നു. പരീക്ഷയിലെ ക്രമക്കേട് സംഘടിതകുറ്റകൃത്യമാണെന്ന് കണ്ടെത്തിയാല്‍ 5 മുതല്‍ 10 വര്‍ഷം വരെ തടവു ലഭിക്കും. ഒരു കോടി രൂപയില്‍ കുറയാത്ത പിഴയുമുണ്ടാകും.

ഏതെങ്കിലും സ്ഥാപനമാണു ക്രമക്കേടു നടത്തുന്നതെങ്കില്‍ അവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടും. വ്യക്തി ഒറ്റയ്ക്കു ചെയ്ത കുറ്റമാണെങ്കില്‍ മൂന്നു മുതല്‍ 5 വര്‍ഷം വരെയാണു തടവ്. 10 ലക്ഷം രൂപ വരെ പിഴ ശിക്ഷ ലഭിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group