ജറുസലേം: യു.എസിന്റെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് 10 ലക്ഷം പേര്‍ റാഫയില്‍നിന്നു പലായനം ചെയ്‌തതായാണു റിപ്പോര്‍ട്ട്. 40 പേര്‍ പേര്‍ കൊല്ലപ്പെട്ടു. ഗാസയിലേക്കു സഹായവുമായുള്ള ട്രക്കുകളെ അനുവദിക്കാനും ഇസ്രയേല്‍ വിസമ്മതിച്ചു. 3,500 കൂട്ടികള്‍ പട്ടിണി കിടന്നു മരിക്കുന്ന സാഹചര്യമാണെന്നാണു ഗാസയിലെ പ്രാദേശിക ഭരണകൂടം അറിയിച്ചു.
തെക്കന്‍ ഗാസയിലെ റാഫ, ഖാന്‍ യൂനിസ് തുടങ്ങിയ കേന്ദ്രങ്ങളില്‍ ഞായറാഴ്‌ച രാത്രി നിരവധി തവണ ഇസ്രയേലി വ്യോമാക്രമണം നടന്നു. മധ്യ ഗാസയില്‍, ബുറേജി അഭയാര്‍ത്ഥി ക്യാമ്പില്‍ നടന്ന വ്യോമാക്രമണങ്ങളില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. നുസെയ്‌റാത്ത് ക്യാമ്പ്, അസ്-സവായ്‌ദ എന്നിവിടങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ യഥാക്രമം നാല്, ഏഴു വീതമാണ് മരണ സംഖ്യ.
വടക്കന്‍ ഗാസയിലെ ജബാലിയയില്‍ ഇസ്രായേല്‍ സേനയെ പിന്‍വലിച്ചതിന് ശേഷവും മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സിവില്‍ ഡിഫന്‍സ് ജീവനക്കാര്‍ പറഞ്ഞു. പ്രദേശത്തിന്റെ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടു, 20 ദിവസത്തെ സൈനിക നടപടിക്ക് ശേഷം ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ കണ്ടെടുത്തു.
ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് നിലവിലെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ തിരിച്ചടിയില്‍ 36,479 പലസ്‌തീനികള്‍ കൊല്ലപ്പെട്ടു. 82,000-ലധികം പേര്‍ക്ക് പരിക്കേറ്റു. ആയിരക്കണക്കിന് ആളുകളെ കാണാതായി.
സമാധാന ശ്രമങ്ങളുടെ ഭാഗമായി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞയാഴ്‌ച മൂന്നു ഘട്ട പദ്ധതി പ്രഖ്യാപിച്ചിരുന്നു. തടവുകാരുടെ കൈമാറ്റം, ഗാസയില്‍നിന്ന് ഇസ്രയേലി സേനയെ ഒഴിപ്പിക്കല്‍, ഗാസയുടെ പുനര്‍നിര്‍മാണം എന്നിവയാണ് ബൈഡന്റെ മൂന്നിന പദ്ധതി. പദ്ധതി ഹമാസ് അംഗീകരിക്കുകയാണെങ്കില്‍ ഇസ്രയേലും അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പ്രതികരിച്ചിരുന്നു.
നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇസ്രയേലി യുദ്ധ കാബിനറ്റ് യോഗം ചേര്‍ന്നുവെങ്കിലും ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. ഭരണസഖ്യത്തിലെ ഭിന്നതയാണു തീരുമാനം വൈകുന്നതിനു കാരണമെന്നാണു സൂചന.
Post a Comment