Join News @ Iritty Whats App Group

വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു

ദില്ലി: പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്സിൻ പിൻവലിച്ച് നിര്‍മ്മാണ കമ്പനിയായ 'ആസ്ട്രാസെനേക്ക'. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചിരിക്കുകയാണ്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. 'ടെലഗ്രാഫ്' പത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്. ഇതിന് പിന്നാലെ കമ്പനി തന്നെ യുകെ ഹൈക്കോടതിയില്‍ പാര്‍ശ്വഫലങ്ങളുള്ളതായി സമ്മതിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്. കനത്ത ആശങ്കയാണ് ഇത് ഇന്ത്യയിലും സൃഷ്ടിച്ചത്.

അതേസമയം പാര്‍ശ്വഫലങ്ങള്‍ ഉള്ളതുകൊണ്ടല്ല വാക്സിൻ പിൻവലിക്കുന്നതെന്നും വളരെയധികം വാക്സിനുകള്‍ മാര്‍ക്കറ്റിലുണ്ട്, തങ്ങളുടെ വില്‍പന കുത്തനെ കുറഞ്ഞുപോയിരിക്കുന്നു- അതിനാലാണ് പിൻവലിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. യൂറോപ്പില്‍ വാക്സിൻ പിൻവലിക്കാൻ അനുമതി നല്‍കണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരുന്നത്. ഇതിന് അനുമതി ലഭിച്ചിരിക്കുകയാണിപ്പോള്‍. 

പാര്‍ശ്വഫലങ്ങളെ കുറിച്ച് ആശങ്കപ്പെടേണ്ട എന്നാണ് കമ്പനി ആവര്‍ത്തിക്കുന്നത്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നായിരുന്നു കമ്പനി കോടതിയില്‍ അറിയിച്ചിരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group